പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ബിജെപിയുടെ തീപ്പൊരി വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ കോൺഗ്രസിലേക്ക് നീങ്ങുമെന്ന് സൂചനകൾ. ശോഭയെ ലക്ഷ്യമിട്ടാണ് വട്ടിയൂർക്കാവ് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് എന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ സംസാരമുണ്ട്. ലതികാ സുഭാഷ് രാജിവെച്ച ഒഴിവിലേക്ക് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി ശോഭാ സുരേന്ദ്രൻ കടന്നുവരാനുള്ള സാധ്യതകളും രാഷ്ട്രീയ കേന്ദ്രങ്ങൾ തള്ളുന്നില്ല.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്ഥാനമേറ്റെടുത്തതിനു ശേഷം പാർട്ടിയിൽ ശോഭ പൂർണമായി ഒഴിവാക്കപ്പെടുകയാണ്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സീറ്റിൽ മത്സരിക്കാൻ ശോഭ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കഴക്കൂട്ടം തൻറെ മണ്ഡലമാണ്, തനിക്ക് കൂടി സ്വീകാര്യതയുള്ള ഒരു സ്ഥാനാർഥിയെ മാത്രമേ അവിടെ നിർത്താനാവൂ എന്ന നിലപാടാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ സ്വീകരിക്കുന്നത്.

സുരേന്ദ്രനെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ

പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് ഒന്നും ലഭിക്കാത്ത സൗഭാഗ്യമാണ് കേന്ദ്ര നേതൃത്വം കെ സുരേന്ദ്രന് അനുവദിച്ചിരിക്കുന്നത് – കോന്നിയിലും, മഞ്ചേശ്വരത്തും അദ്ദേഹം ഒരേസമയം മത്സരിക്കുന്നതിനെ ചൂണ്ടിക്കാട്ടി ശോഭ പരിഹസിച്ചു.

ശോഭയുടെ വാക്കുകൾ:

‘രണ്ട് സീറ്റിലാണ് സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കുന്നത്. രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്റെ മുഴുവന്‍ സഹോദരീ സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ വിജയാശംസകള്‍ നേരാന്‍ ഈ അവസരം ഉപയോഗിക്കുന്നു.’- താന്‍ ഇത്തവണ മത്സരിക്കുന്നില്ല എന്ന കാര്യം വളരെ നേരത്തെ തന്നെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചതാണെന്ന കാര്യവും ശോഭ ഓര്‍മ്മിപ്പിച്ചു.

എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി തന്നാലാവുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുക എന്നതാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പിന്നീട് മത്സരരംഗത്ത് ഉണ്ടാകണമെന്നും മറ്റെല്ലാം മാറ്റി വയ്ക്കണമെന്നും തനിക്ക് നിര്‍ദ്ദേശം ലഭിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും താന്‍ പുറത്തായത് എങ്ങനെയെന്ന് അറിയില്ലെന്നും ഇന്നലെ രണ്ട് മണി വരെയുള്ള കാര്യങ്ങളില്‍ മാത്രമാണ് അറിവുള്ളതെന്നും അവര്‍ പറഞ്ഞു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2