രണ്ടുവര്‍ഷത്തോളമായി സ്ഥിരം അധ്യക്ഷനില്ലാതെ തുടരുന്ന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് തിരക്കിട്ട നീക്കം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കമല്‍നാഥ് കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

പാര്‍ട്ടിയിലെ നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സോണിയയും കമല്‍നാഥും കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. അധ്യക്ഷനെ തെരഞ്ഞെടുക്കാനായി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു തൊട്ടുപിറകെയായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുമെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സ്ഥിരം നാഥനില്ലാതെ രണ്ടുവര്‍ഷം

2017ലാണ് സോണിയ ഗാന്ധിയില്‍നിന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിറകെ രാഹുല്‍ രാജിവയ്ക്കുകയായിരുന്നു. ഇതിനുശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് സോണിയ ഗാന്ധി തന്നെ വീണ്ടും പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഇടക്കാല പ്രസിഡന്‍റായാണ് സോണിയ സ്ഥാനത്ത് തുടരുന്നത്. പാര്‍ട്ടി നേതൃത്വത്തില്‍ തുടരുന്ന അനിശ്ചിതാവസ്ഥ കോണ്‍ഗ്രസിനെ സംഘടനാപരമായി ദുര്‍ബലപ്പെടുത്തുകയും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുന്നുണ്ടെന്ന പരാതിയുമായി 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളില്‍ മുന്‍പിലുള്ളയാളാണ് കമല്‍നാഥ്. ഇടക്കാല പ്രസിഡന്റ് പദവിയായിരിക്കും മിക്കവാറും അദ്ദേഹത്തിന് ലഭിക്കുക. അല്ലെങ്കില്‍ വര്‍ക്കിങ് പ്രസിഡന്റാകും. ഇതേക്കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. ഓഗസ്റ്റില്‍ എഐസിസി യോഗമുണ്ടാകുമെന്നാണ് അറിയുന്നത്.

പാര്‍ട്ടിയില്‍ മുതിര്‍ന്നയാള്‍; ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് കമല്‍നാഥ്. മധ്യപ്രദേശിലെ ചിന്ദ്‍വാര മണ്ഡലത്തില്‍നിന്ന് ഒന്‍പതു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ നഗരവികസന മന്ത്രിയായിരുന്നു. പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളിലൊരാള്‍ കൂടിയായിരുന്നു. 16-ാം ലോക്സഭയില്‍ പ്രോടേം സ്പീക്കറായിരുന്നു.

2018ല്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായ കമല്‍നാഥ് ആ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അതിന്‍റെ അംഗീകാരമെന്നോണം പാര്‍ട്ടി അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനവും നല്‍കി. 2018 ഡിസംബറില്‍ മുഖ്യമന്ത്രിയായി അധികാരമേ അധികാരമേറ്റ അദ്ദേഹത്തിന് അധികകാലം സ്ഥാനത്ത് തുടരാനായില്ല.

സത്യപ്രതിജ്ഞ ചെയ്ത് 15 മാസം പിന്നിട്ടതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി കമല്‍നാഥ്. ജ്യോതിരാദിത്യ സിന്ധ്യയുടെ വിമതനീക്കം സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിയാണ് കമല്‍നാഥിന്റെ രാജിയില്‍ കലാശിച്ചത്. 2020 മാര്‍ച്ച്‌ 20ന് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. നിലവില്‍ മധ്യപ്രദേശ് പ്രതിപക്ഷ നേതാവാണ് അദ്ദേഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക