കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയപ്പോള്‍ കിട്ടിയ നിര്‍ണ്ണായക തെളിവുകളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കസ്റ്റംസ്. കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ടിപി വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചെന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഷാഫിയുടെ വീട്ടില്‍ നിന്നും പൊലീസ് യൂണിഫോമിലെ സ്റ്റാര്‍ കസ്റ്റംസിന് ലഭിച്ചു. ഇതിന്റെ വെളിച്ചത്തില്‍ ഷാഫിയും കൂട്ടരും പൊലീസ് വേഷത്തില്‍ കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയെന്ന് കസ്റ്റംസ് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതുമല്ലെങ്കില്‍ പോലീസ് വേഷത്തില്‍ ജയിലില്‍ നിന്നും പുറത്തു വന്നോ എന്നും സംശയിക്കുന്നുണ്ട്. പരോളിലുള്ള മുഹമ്മദ് ഷാഫിയുടെ കണ്ണൂര്‍ തലശ്ശേരി ചൊക്ലിയിലുള്ള വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്.

ഷാഫിയുടെ പെന്‍ഡ്രൈവും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവ ദിവസം കാര്‍ ഒളിപ്പിച്ചതിന് ശേഷം ഒളിവില്‍പോയ അര്‍ജുന്‍ ആയങ്കി ഷാഫിയെ കാണാനായി പോയതായും സൂചനയുണ്ട്. അര്‍ജുന്‍ ആയങ്കി മാഹി ഭാഗത്ത് ഒളിവില്‍ കഴിഞ്ഞതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് തെളിവെടുപ്പ് പൂര്‍ത്തിയായി.

അതേസമയം കൊടിസുനിയുടെ വീട് പൂട്ടിക്കിടന്നതിനാല്‍ തെളിവെടുപ്പ് നടന്നില്ല. സുനിക്ക് വിയ്യൂര്‍ ജയിലിലെത്തി സമന്‍സ് നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഇരുവര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കും.കള്ളക്കടത്ത് സ്വര്‍ണം പൊട്ടിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും ടിപി കേസിലെ പ്രതികളുടെ സഹായം ലഭിച്ചുവെന്നായിരുന്നു അര്‍ജുന്‍റെ മൊഴി. അര്‍ജുന്‍ ആയങ്കിയെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും കണ്ണൂരിലെത്തിച്ച കാര്‍ ഒളിപ്പിച്ചിരുന്ന അഴിക്കോട്ടെ ഉരു നിര്‍മ്മാണ ശാലയിലാണ് ആദ്യം എത്തിച്ചത്.

ഫോണ്‍ പുഴയില്‍ നഷ്‌പ്പെട്ടെന്ന ആദ്യ മൊഴി പുഴയിലേക്ക് എറിഞ്ഞെന്ന് തിരുത്തി. എന്നാല്‍ അര്‍ജുന്റെ മൊഴി യുക്തിക്ക് നിരക്കാത്തതാണെന്ന് കസ്റ്റംസ് പറഞ്ഞു. തുടര്‍ന്ന് ആയങ്കിയെ അഴീക്കല്‍ കപ്പക്കടവിലെ വീട്ടിലെത്തിച്ച്‌ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടെ നിന്നും പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, എടിഎം കാര്‍ഡുകള്‍ തുടങ്ങിയ തെളിവുകള്‍ കസ്റ്റംസ് കണ്ടെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക