റാന്നി: കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എ എസ് ഐ. വിനോദ് പി മധുവിനെ അറസ്റ്റ് ചെയ്തു. പേട്ട മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്ബില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ പി എസ് മിനികുമാരി (49) മരിക്കാനിടയായ സംഭവത്തിലാണ് അറസ്റ്റ്. വിനോദ് ഓടിച്ച കാറിടിച്ചാണ് മിനികുമാരി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് വിനോദിന്റെ കാര്‍ എസ് ബി ഐ ജീവനക്കാരി ഓടിച്ച സ്‌കൂട്ടറിന് പിന്നിലിടിച്ചത്. സ്‌കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്ന മിനികുമാരി റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മിനികുമാരി മരണപ്പെട്ടു. അപകടത്തില്‍ എസ് ബി ഐ ജീവനക്കാരിക്കും പരുക്കേറ്റിരുന്നു. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി പോലീസ് വിനോദിന്റെ വീട്ടില്‍ എത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ശനിയാഴ്ച രാവിലെ വിനോദ് അപകട വിവരം സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. അന്നു തന്നെ കാര്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് വിനോദിനെ അറസ്റ്റ് ചെയ്തതെന്ന് ഇന്‍സ്‌പെക്ടര്‍ ജി ബി മുകേഷ് അറിയിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത വിനോദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിച്ച ശേഷം കാര്‍ നാളെ കോടതിയില്‍ ഹാജരാക്കും. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക