കോഴിക്കോട്: മോഷണം പോയ ടിപ്പര്‍ ലോറി മണിക്കൂറുകള്‍ക്കകം പൊലീസും നാട്ടുകാരും ചേര്‍ന്ന് അതിസാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. അബ്ബാസ് (20), നിധീഷ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോറി അമിത വേഗത്തില്‍ ഓടിച്ചു പോകുന്നതിനിടെ മുപ്പതിലേറെ വാഹനങ്ങളിലും ഡിവൈഡറിലും ഇടിച്ചു. കോഴിക്കോട് ബിലാത്തിക്കുളം ക്ഷേത്രത്തിനു മുന്നിലെ കല്‍വിളക്കില്‍ തട്ടി ലോറി റോഡില്‍ കുടുങ്ങിയതോടെ മോഷ്ടാക്കള്‍ ഇറങ്ങി ഓടി. ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മലാപ്പറമ്ബ് എഡിഎം ബംഗ്ലാവിനു സമീപം എംസാന്‍ഡുമായി നിര്‍ത്തിയിട്ട കുന്നമംഗലം സ്വദേശി ബഷീറിന്റെ ലോറിയാണ് മോഷണം പോയത്. ഇന്നലെ അതിരാവിലെ വണ്ടി എടുക്കാന്‍ ചെന്നപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് ഉടമ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ടിപ്പര്‍ ലോറി അസോസിയേഷന്റെ വാട്‌സാപ് ഗ്രൂപ്പിലും ഇതു സംബന്ധിച്ച സന്ദേശം നല്‍കി. അസോസിയേഷന്‍ അംഗങ്ങള്‍ തടമ്ബാട്ടുതാഴം ഭാഗത്തു നില്‍ക്കുമ്ബോള്‍ ലോറി അതിലെ പോകുന്നത് കണ്ടു. ഉടനെ അംഗങ്ങളായ രണ്ടു പേരും ബൈക്കില്‍ ലോറിയെ പിന്തുടര്‍ന്നു. കാരപ്പറമ്ബ് ജംക്ഷനിലെത്തിയപ്പോള്‍ ലോറി ഗതാഗതക്കുരുക്കില്‍പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവിടെവച്ച്‌ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടാക്കള്‍ ലോറി അമിത വേഗത്തില്‍ കുണ്ടൂപ്പറമ്ബ് ഭാഗത്തേക്ക് ഓടിച്ചു പോയി. ഇതിനിടെ രണ്ടു വാഹനത്തില്‍ ലോറി ഇടിച്ചു. കാരപ്പറമ്ബ് കുണ്ടൂപ്പറമ്ബ് റോഡിലൂടെ അമിത വേഗത്തില്‍ പോയ ലോറിയെ ബൈക്കില്‍ യുവാക്കള്‍ പിന്തുടര്‍ന്നു. ഈ സമയം കുണ്ടൂപ്പറമ്ബ് ഭാഗത്ത് എലത്തൂര്‍ പൊലീസ് വാഹന പരിശോധന നടത്തുന്നുണ്ടായിരുന്നു. പൊലീസ് കൈകാണിച്ചിട്ടും ലോറി നിര്‍ത്തിയില്ല. ഉടനെ എലത്തൂര്‍ പൊലീസ് ലോറിയെ പിന്തുടര്‍ന്നു. ഇതിനിടെ എലത്തൂര്‍ പൊലീസ് വിവിധ സ്റ്റേഷനുകളിലേക്കു സന്ദേശം നല്‍കി. കുണ്ടൂപ്പറമ്ബ് ഭാഗത്തു കൂടെ ഓടിച്ചു പോയ ലോറി ബൈപ്പാസില്‍ കയറി അവിടെ നിന്ന് അമ്ബലപ്പടി ഭാഗത്തെത്തി.

അമ്ബലപ്പടിയില്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍ തട്ടി. തുടര്‍ന്ന് പാവങ്ങാട് റോഡിലൂടെ കണ്ണൂര്‍ റോഡില്‍ കയറി. നടക്കാവ് റോഡില്‍ ലോറി കുറുകെയിട്ടു പിടികൂടാന്‍ പൊലീസ് ശ്രമിച്ചു. ഇതിനിടെ നടക്കാവ് പൊലീസ് സ്റ്റേഷനു സമീപം കാറില്‍ ഇടിച്ച ശേഷമാണ് ലോറി ബിലാത്തിക്കുളം ഭാഗത്തേക്കു ഓടിച്ചു പോയത്. രണ്ടു മണിക്കൂറിലേറെയാണ് പൊലീസ് ലോറിയെ പിന്തുടര്‍ന്നത്. ലോറി നിര്‍ത്തിയ ഉടനെ തന്നെ പ്രതികളായ അബ്ബാസും നിധീഷും ഓടിരക്ഷപ്പെടുകയായിരുന്നു. വീട്ടു പറമ്ബിലൂടെയും ഇടവഴികളിലൂടെയും ഓടിയ ഇരുവരെയും നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.