ആലുവ: മോഷ്ടാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിട്ടും കേസെടുക്കാതെ പറഞ്ഞുവിട്ടതായി ആക്ഷേപം. 35,000 രൂയുടെ സൈക്കിള്‍ മോഷ്ടിച്ച്‌ വിറ്റയാളെ ഉടമ പിടികൂടി പൊലീസിന് കൈമാറിയിട്ടും കേസെടുക്കാതെ പറഞ്ഞുവിട്ടതാണ് വിവാദമായിരിക്കുന്നത്. ആലുവ സീനത്ത് തീയറ്ററിന് സമീപം കെ.എസ്.ടി പ്രൈഡ് ഫ്ളാറ്റില്‍ താമസിക്കുന്ന ആദില്‍ ബഷീറാണ് തന്‍റെ സൈക്കിള്‍ മോഷ്ടിച്ചയാളെ ആലുവ ഈസ്റ്റ് പൊലീസിനെ ഏല്‍പ്പിച്ചത്. എന്നിട്ടും പ്രതിയെ വിട്ടയച്ച പൊലീസിന്‍റെ നടപടിക്കെതിരെ സൈക്കിള്‍ ഉടമ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.

തൊണ്ടിമുതല്‍ കിട്ടിയില്ലെന്ന പേരില്‍ പരാതിക്കാരനെ പോലും അറിയിക്കാതെയും കേസെടുക്കാതെയുമാണ് പ്രതിയെ പറഞ്ഞു വിട്ടതത്രെ. കഴിഞ്ഞ നാലാം തീയതിയാണ് മോഷണം നടന്നത്. രാത്രി ഫ്ളാറ്റിലെ മുറിക്കകത്ത് സൂക്ഷിച്ചിരുന്ന സൈക്കിള്‍ രാവിലെ 8.15ഓടെയാണ് ആദില്‍ പുറത്തെ വരാന്തയിലേക്ക് ഇറക്കിവച്ചത്. എട്ടരയോടെ ജീന്‍സും ഷര്‍ട്ടും ധരിച്ച്‌ പുറത്ത് ബാഗും തൂക്കിയെത്തിയ യുവാവ് മുകളിലെ നിലവരെ നടന്നുകയറിയ ശേഷം തിരികെ സൈക്കിളുമായി ഇറങ്ങുന്ന സി.സി ടി.വി ദൃശ്യം സഹിതം അന്ന് തന്നെ ആദില്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. ഒരാളെ സംശയമുണ്ടെന്നും ഇന്ന് ചിത്രം പ്രചരിച്ചാല്‍ സംശയിക്കുന്നയാള്‍ മുങ്ങുമെന്നും പറഞ്ഞാണ് തടഞ്ഞതെന്ന് ആദില്‍ പറയുന്നു. തൊട്ടടുത്ത ദിവസം ആദില്‍ സോഷ്യല്‍ മീഡിയയില്‍ മോഷ്ടാവി ന്റെ സി.സി ടി.വി ദൃശ്യം സഹിതം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുടിക്കല്‍ ഭാഗത്തെ ഒരു ആക്രികച്ചവടക്കാന്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു.

12,500 രൂപക്ക് പുതിയ സൈക്കിള്‍ നല്‍കാമെന്ന് പറഞ്ഞെത്തിയെങ്കിലും ആക്രികടക്കാരന്‍ എടുത്തിരുന്നില്ല. അടുത്ത ദിവസം ആക്രി സാധനങ്ങളുമായി ഇയാള്‍ വീണ്ടുമെത്തിയപ്പോള്‍ കടയുടമ ആദിലിനെ വിവരമറിയിച്ചു. തുടര്‍ന്ന് ആലുവ പൊലീസുമായെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് ആദിലിന്‍റെ വാഹനത്തില്‍ പ്രതിയുടെ വീട്ടില്‍ ഉള്‍പ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും സൈക്കിള്‍ കണ്ടെടുക്കാനായില്ല.

മൂവാറ്റുപുഴയിലെ ബാറിന് സമീപത്ത് വച്ച്‌ ഒരാള്‍ക്ക് വിറ്റുവെന്നായിരുന്നു ഇയാളുടെ മൊഴി. കേസെടുത്താല്‍ സൈക്കിള്‍ തുരുമ്ബിച്ച ശേഷമെ മടക്കി ലഭിക്കൂവെന്ന് പറഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വൈകിപ്പിച്ച പൊലീസ് തൊണ്ടി കിട്ടാതിരുന്നിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതെ പറഞ്ഞുവിടുകയായിരുന്നു.