കൊല്ലം: മക്കള്‍ക്ക് അശ്ലീല സന്ദേശമയച്ചയാളെ പൊലീസ് പിടികൂടാത്തതിനെ തുടര്‍ന്ന് അമ്മ ആത്മഹത്യക്കൊരുങ്ങിയതോടെ പ്രതിക്കെതിരെ നടപടി സ്വീകരിച്ച് പൊലീസ്. മണിക്കൂറുകള്‍ കൊണ്ട് പൊലീസ് പ്രതിയെ തൃശൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിന് സമീപം ഹൈബാസ് ബില്‍ഡിംഗില്‍ സംഗീത് കുമാറിനെയാണ് പൊലീസ് പിടികൂടിയത്.

ഫെബ്രുവരി മാസത്തില്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാതായതോടെ പെണ്‍കുട്ടികളുടെ അമ്മ വെള്ളിയാഴ്ച സിറ്റി പൊലീസ് കമ്മീഷണറുടെ സമീപത്തെ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്‌ക്കൊരുങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് കുഴഞ്ഞുവീണ ഇവരെ സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നിരീക്ഷണത്തിന് ശേഷം വീട്ടിലേക്കയച്ചു. പ്രതിക്കെതിരെ നടപടിയെടുക്കാമെന്ന പൊലീസിന്റെ ഉറപ്പിലാണ് ഇവര്‍ തിരിച്ചുപോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ശക്തിക്കുളങ്ങര സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ബിരുദ വിദ്യാര്‍ത്ഥിനിക്കും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കുമാണ് സംഗീത് അശ്ലീല സന്ദേശം അയച്ചത്. ഫെബ്രുവരി മുതലാണ് ഇയാള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തു തുടങ്ങിയത്. ഇയാള്‍ അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതി നല്‍കിയിട്ടും ഇതുവരെ നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് കുട്ടികളുടെ അമ്മ ആത്മഹത്യക്ക് ഒരുങ്ങിയത്.