സ്വന്തം ലേഖകൻ

കോട്ടയം: വസ്തുതർക്കം പറഞ്ഞു തീർക്കാൻ സ്റ്റേഷനിലെയേക്കു എത്താൻ തയ്യാറാകാതിരുന്ന യൂത്ത് കോൺ്ഗ്രസ് നേതാവിനെ വീട്ടുമുറ്റത്തിട്ട് ഇൻസ്‌പെക്ടർ മർദിച്ചു. വീടിനുള്ളിൽ നിന്നും വലിച്ച് പുറത്തിടുകയും, ക്രൂരമായി മർദിക്കുകയും ചെയ്ത എസ്.എച്ച്.ഒയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റും,മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഡയറക്റ്റർ ബോർഡ് മെമ്പറുമായ എബിൻ കെ സെബാസ്റ്റ്യനെയാണ് മേലുകാവ് സ്‌റ്റേൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിച്ചത്.

പരിക്കേറ്റ എബിൻ ഇപ്പോൾ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. ഇത് അടക്കം സമര പരിപാടികളുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തുമെന്നു യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റോബി ഊടുപുഴ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മേലുകാവ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘമാണ് എബിൻ കെ.സെബാസ്റ്റ്യനെ വീട്ടിൽ നിന്നും വലിച്ചിറക്കി മർദിച്ചത്. എബിന്റെ പിതാവും, പിതാവിന്റെ സഹോദരനും തമ്മിലുള്ള വസ്തു തർക്കം അന്വേഷിക്കുന്നതിനായാണ് പൊലീസ് സംഘം എത്തിയത്. വിഷയത്തിൽ ഇരുവരും തമ്മിൽ ചർച്ച നടത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ട പൊലീസ് ഇരുകൂട്ടരോടും മേലുകാവ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനായി എബിൻ സ്‌റ്റേഷനിൽ ഹാജരാകണമെന്നും ഇൻസ്‌പെക്ടർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, എൽ.എൽ.ബി വിദ്യാർത്ഥിയായ എബിൻ വസ്തു തർക്കം സിവിൽ കേസാണെന്നും വിഷയത്തിൽ പൊലീസ് ഇടപെടേണ്ടെന്നുമുള്ള നിലപാട് സ്വീകരിച്ചു. തുടർന്നു, പൊലീസ് സ്റ്റേഷനിൽ എത്തില്ലെന്ന് എബിൻ അറിയിക്കുകയായിരുന്നു. എന്നാൽ, എന്നാൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായ എബിൻറെ പിതൃ സഹോദരന്റെ വാക്കു കേട്ട് സർക്കിൾ ഇൻസ്പെക്ടർ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം എബിന്റെ വീട്ടിലെത്തുകയായിരുന്നു. തുടർന്നു, എബിനെ വീടിനുള്ളിൽ നിന്നും വലിച്ച് പുറത്തിട്ട് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ എബിനെ പൊലീസ് പോയതിനു ശേഷം നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2