തൊടുപുഴ : കോവിഡ് ബാധിച്ച്‌ താന്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് തന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന കുപ്രചരണം തികച്ചും വേദനാജനകവും ഹൃദയഭേദകവുമാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.ജെ.ജോസഫ് പ്രസ്ഥാവനയില്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചപ്പോള്‍ ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിന്നീട് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ പത്തു ദിവസം ചികിത്സയില്‍ കഴിഞ്ഞു. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം പ്രോട്ടോകോള്‍ പ്രകാരം ഏഴു ദിവസം ക്വാറന്റയിനിലും താമസിച്ചു. കൊവിഡ് ബാധിതനാകുന്നതിനു മുമ്ബ് കേരളമാകെ സഞ്ചരിച്ച്‌ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഞാന്‍ വ്യാപൃതനായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം.

ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയെ തുടര്‍ന്ന് അല്‍പംകൂടി വിശ്രമം ആവശ്യമാണെന്ന് ഉപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പുറപ്പുഴയിലെ വീട്ടില്‍ വിശ്രമിച്ചത്. ഈ സമയത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വീട്ടിലിരുന്നും ചെയ്തിരുന്നു. എന്നാല്‍ ഈ അവസരം വിനിയോഗിച്ച്‌ താന്‍ വെന്റിലേറ്ററിലാണെന്നും മറ്റും വ്യാപകമായി കുപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.
1970 ല്‍ ഞാന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന തൊടുപുഴയെ ഇന്നത്തെ നിലയിലെത്തിക്കാന്‍ എളിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബൈപാസുകള്‍ നിര്‍മ്മിച്ച പട്ടണം തൊടുപുഴയാണ് പത്തോളം ബൈപാസുകളാണ് ഇവിടെയുള്ളത്. സമാധാനത്തിന്റെ സംസ്‌കാരം തൊടുപുഴയില്‍ സൃഷ്ടിക്കാന്‍ എന്റെ പ്രവര്‍ത്തനം കൂടി പ്രയോജനപ്പെട്ടു.കഴിഞ്ഞ കാലങ്ങളിലെപ്പോലെ ജനപ്രതിനിധി എന്ന നിലയിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും കൂടുതല്‍ വികസനം പ്രാപിക്കുന്ന തൊടുപുഴ കെട്ടിപ്പടുക്കുവാന്‍ കഴിയുമെന്നും അതിനായി താന്‍ സജീവമായി രംഗത്തുണ്ടാവുമെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2