കേരളത്തിൽ ചരിത്രം കുറിച്ച് കൊണ്ട് മണിക്കൂറുകൾ നീണ്ട ഒരു നിയമ സഭാ സമ്മേളനം കഴിഞ്ഞിരിക്കുകയാണ്. 15 വർഷത്തിന് ശേഷമാണ് കേരളത്തിൽ ഒരു സർക്കാരിനെതിരെ പ്രതി പക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. പ്രമേയം 87 നെതിരെ 40 വോട്ടുകൾക്ക് പരാജയപ്പെടുകയും ചെയ്തു .എന്നാൽ ചില യൂ ഡി എഫ് പ്രതിനിധികളുടെ പ്രകടനം വളരെ മികച്ചതായിരുന്നു. പക്ഷേ അവിശ്വാസ പ്രമേയ ചർച്ചയുടെ അവസാന മണിക്കൂറുകളിൽ…കൃത്യമായി പറഞ്ഞാൽ മൂന്നേമുക്കാൽ മണിക്കൂർ നീണ്ട മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രകടനം ഇടതുപക്ഷ കേന്ദ്രങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നു നൽകിയത്. സർക്കാരിന് വിശ്വാസയോഗ്യമായ രീതിയിൽ തങ്ങളെ ന്യായീകരിക്കാൻ സാധിച്ചു എന്ന ഒരു പൊതു പ്രതീതി ഇന്നലെ സമ്മേളനത്തിനുശേഷം ഉണ്ടായിട്ടുണ്ട് എന്നത് ഒരു വാസ്തവമാണ്. അതുകൊണ്ടുതന്നെ ഇത് ഒരു വലിയ രാഷ്ട്രീയ വിജയമായി കണ്ട് ഇടതു പക്ഷ കേന്ദ്രങ്ങളിൽ വലിയ ആഘോഷമാണ് നടക്കുന്നത്. സോഷ്യൽ മീഡിയകളിൽ ട്രോളുകളും പോസ്റ്റുകളും നിറയുകയാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന വസ്തുത ഈ സർക്കാരിന് ഏറ്റവും മികച്ച രീതിയിൽ പ്രതിരോധിക്കുവാൻ ഭരണപക്ഷത്ത് പ്രാപ്തിയുള്ള ഏകവ്യക്തി ഭരണത്തലവൻ ആയ മുഖ്യമന്ത്രി തന്നെയാണ് എന്നതാണ്. വിജയ പ്രതീതി സൃഷ്ടിച്ചെടുക്കാൻ സാധിച്ചതും അദ്ദേഹത്തിൻറെ സഭയിലെ പ്രകടനം മികവു തന്നെയാണ് എന്ന് സമ്മതിക്കേണ്ടിവരും. ഇതിൽ ഒരു അപകടം ഒളിച്ചിരിപ്പുണ്ട് പിണറായി വിജയന് നേരെ സ്വർണക്കടത്ത് കേസിലും ലൈഫ് മിഷനിലും നടക്കുന്ന അന്വേഷണത്തിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരു പരാമർശം ഉണ്ടായാൽ അതിനെ തടുത്തു നിർത്തുവാൻ ഭരണപക്ഷത്തുനിന്ന് മറ്റാർക്കും സാധിക്കില്ല. അതുകൊണ്ടുതന്നെ പലപ്പോഴും പറയാറുള്ളത് പോലെ എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിയുടെ ചുമലിലാണ് എന്ന പോലെ എല്ലാ പാപ ഭാരവും അദ്ദേഹത്തിൻറെ ചുമലിൽ തന്നെയായിരിക്കും. എന്താണെങ്കിലും ഇത്തവണ ഒട്ടും പ്രകോപിതനാകാതെ തൻറെ പതിവ് ശൈലി വിട്ട് അസാധ്യമായ മെയ്‌വഴക്കത്തോടെ രാഷ്ട്രീയ ഗോദയിൽ പിണറായി തല ഉയർത്തി ആണ് നിൽക്കുന്നത്.

സമ്മേളനത്തെക്കുറിച്ച് ശ്രീജിത്ത് ദിവാകരൻ എന്ന പത്രപ്രവർത്തകൻ തന്റെ ഫേസ് ബുക്കിൽ ഏഴുതിയ കുറിപ്പ് വൈറലാവുകയാണ്.

ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

 

അങ്ങനെ അത് കഴിഞ്ഞു. 

പക്ഷേ ചരിത്ര സംഭവമാണ്. പ്രൈംറ്റെം വാര്‍ത്തകള്‍ മാറ്റി വച്ച് കേരളം ചര്‍ച്ച ചെയ്തു. 15 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ ഒരവിശ്വാസ പ്രമേയം വരുന്നത്. 2005-ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ശേഷം ഉണ്ടാകുന്ന പ്രമേയമാണ്. രണ്ട് നിയമസഭകള്‍ അവിശ്വാസങ്ങളില്ലാതെയാണ് കടന്ന് പോയത്. 

വി.എസ് സര്‍ക്കാരിനെതിരേയും തുടര്‍ന്നുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയും കാരണങ്ങളില്ലാഞ്ഞിട്ടാകില്ല, പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരാതിരുന്നത്. അത് ഒരു ഫ്യൂട്ടെയ്ല്‍ എക്‌സെര്‍സൈസ് ആണെന്ന് കണ്ടിട്ടാകണം. പക്ഷേ രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഈ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നമ്മളത് ചര്‍ച്ച ചെയ്തു. 

കേരളം ദീര്‍ഘമായി കണ്ട നിയമസഭ നടപടിക്രമങ്ങളിലൊന്നായിരിക്കാമിത്. ചരിത്രമാണ്. ഒരു സര്‍ക്കാരിനെതിരെയുള്ള അവിശ്വാസം ഭരണകാല തീരുമാനങ്ങള്‍ക്ക് മൊത്തം എതിരായിരുള്ളതാണെന്നുള്ളതാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ മറുപടി ദീര്‍ഘവും ചരിത്രപരവുമാകും. ഏതാണ്ട് മൂന്ന് നാല് മണിക്കൂര്‍ നീളുന്ന വിശാലമായ മറുപടിയായിരുന്നു മുഖ്യമന്ത്രി നല്‍കിയത്. അത് തന്റെ സര്‍ക്കാരിന്റെ കാലത്തെ നേട്ടത്തെ പരത്തിയും വിശദമാക്കിയും പറയാനുള്ള പ്രൈംറ്റൈം അവസരമായി തീര്‍ന്നു. അത് സര്‍ക്കാരിന് ഗുണകരമായ ഒരു സന്ദര്‍ഭമായിരുന്നു. സര്‍ക്കിരിന്റെ പ്രോഗസ് കാര്‍ഡാണ് സഭയുടെ മുന്നില്‍ പിണറായി വിജയന്‍ വച്ചത്. 

പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശന്‍ ഗ്രേസ്ഫുള്ളായാണ് പ്രമേയം അവതരിപ്പിച്ചത്. പല ഘട്ടങ്ങളിലും സതീശന്‍ ചര്‍ച്ചകളില്‍ ഇടപെട്ടതും ഇതേ തരത്തിലായിരുന്നു. നിയമസഭയിലെ ചര്‍ച്ച എന്ന നിലയിലല്ല, പ്രതിപക്ഷവും ഭരണപക്ഷവും അവിശ്വാസ പ്രമേയത്തെ കണ്ടത്. കേരളത്തിലെ ചാനലുകള്‍ ലൈവ് പ്രക്ഷേപണം ചെയ്യുന്ന, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലൈവ് ആയി നില്‍ക്കുന്ന ഒരു വാര്‍ത്തയെന്ന നിലയിലാണ്. അതുകൊണ്ട് തന്നെ രീതിയും മര്യാദകളും വേറെയായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടിയോട് പ്രതികരിച്ച പ്രതിപക്ഷ നേതാവും ആ മര്യാദയിലുറച്ച് നിന്നു. 

പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശനെ കൂടാതെ ഷാഫി പറമ്പിലും കെ.എം.ഷാജിയും നന്നായി സംസാരിച്ചുവെന്നാണ് പൊതുവേ വിലയിരുത്തല്‍, ഭരണപക്ഷത്ത് നിന്ന് വീണ ജോര്‍ജ്ജും എം.സ്വരാജുമായിരുന്നു താരങ്ങള്‍. മുല്ലക്കരയുടേയും ഗണേഷ്‌കുമാറിന്റെയും ചര്‍ച്ചകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചര്‍ച്ചയായി.

എന്‍ഡ് ഓഫ് ദ ഡേ, ചാനലുകളുമായി, മുഖ്യധാര മാധ്യമങ്ങളുമായി, പിണങ്ങി നില്‍ക്കുന്ന ഭരണപക്ഷത്തിന് തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കുന്നതിനുള്ള പൊതുവേദിയായി മാറി അവിശ്വാസ പ്രമേയ ചര്‍ച്ച. ഭരണപക്ഷത്തിനെതിരായാണോ പ്രതിപക്ഷത്തിനെതിരായാണോ അവിശ്വാസമെന്ന് സംശയിക്കുന്ന തരത്തില്‍ രൂക്ഷമായിരുന്നു ചര്‍ച്ചകള്‍. 

പക്ഷേ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച്, പരസ്പര ആരോപണങ്ങള്‍ അടിമുടി ഉന്നയിച്ച്, കേരളം ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ഇങ്ങനെയൊരു ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇല്ല. ഇത്ര സുഗമമായി നമ്മുടെ ജനാധിപത്യം നടക്കുന്നില്ല. പ്രതിപക്ഷത്തിനെ കുറിച്ച് എനിക്ക് ഒരു പൗരനെന്ന നിലയില്‍ പല പരാതികളുമുണ്ട്, പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധികാലത്തെ നിരുത്തരവാദിത്തപരമായ ചില പ്രവൃത്തികളെ കുറിച്ച്. തീര്‍ച്ചയായും പല കാര്യങ്ങളും ഭരണപക്ഷത്തേ കുറിച്ചുമുണ്ട് പരാതികള്‍. 

പക്ഷേ, ജനാധിപത്യം അപൂര്‍വ്വമായി ഉത്സവമായി മാറുന്ന സമയമാണിതൊക്കെ. പ്രത്യേകിച്ചും നമ്മുടെ രാജ്യത്ത് അങ്ങനെയൊന്ന് കേട്ടുകേള്‍വിയായിരിക്കുന്ന കാലത്ത്. പിന്തുണയും എതിര്‍പ്പുമുണ്ടാകാം. പക്ഷേ നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്തെ അപൂര്‍വ്വമായ ജനാധിപത്യ പ്രക്രിയയുടെ പങ്കാളികളാണ്. നമ്മള്‍ പൗരസമൂഹമെന്ന നിലയില്‍ അതില്‍ അഭിമാനിക്കണം. 

നിയമസഭയെ, അതിലൂടെ നാം പങ്കുചേരുന്ന ജനാധിപത്യപ്രക്രിയയെ അഭിവാദ്യം ചെയ്യുന്നു. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2