തിരുവനന്തപുരം: അര്‍ധ അതിവേഗ റെയില്‍ പാതയ്ക്ക്(സില്‍വര്‍ലൈന്‍) ഭൂമി ഏറ്റെടുക്കാന്‍ പോര്‍ട്ടല്‍ തയ്യാറാക്കുന്നു. റവന്യൂ വകുപ്പിനായി നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍(എന്‍ഐസി) ആണ് പോര്‍ട്ടല്‍ നിര്‍മ്മിക്കുന്നത്. പദ്ധതിക്കുള്ള മുഴുവന്‍ ഭൂമി ഏറ്റെടുക്കലും പോര്‍ട്ടല്‍ മുഖേന ഏകോപിപ്പിക്കും. കാസര്‍കോടുനിന്ന് തിരുവനന്തപുരം വരെ 529.45 കിലോമീറ്റര്‍ നാലു മണിക്കൂര്‍കൊണ്ട് എത്തിച്ചേരാവുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്ക് ജനസാന്ദ്രത കുറഞ്ഞ മേഖലയില്‍ക്കൂടി 15 മുതല്‍ 25 മീറ്റര്‍മാത്രം വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മികച്ച പ്രതിഫലം നല്‍കിയാകുമിത്.

പദ്ധതിക്കായി ഒരു വര്‍ഷം നീളുന്ന പരിസ്ഥിതി ആഘാത പഠനം നടത്തും. വിശദപദ്ധതി റിപ്പോര്‍ട്ടിന്റെ(ഡിപിആര്‍) ഭാഗമായി മൂന്ന് മാസത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ടെന്‍ഡര്‍ നടപടിക്ക് ഒരുവര്‍ഷത്തെ പഠനം ആവശ്യമാണ്. നിര്‍മ്മാണംമൂലം വെള്ളപ്പൊക്ക സാധ്യത, മണ്ണൊലിപ്പ്, ജനത്തെ ബാധിക്കുന്ന പ്രദേശം, തണ്ണീര്‍ത്തടത്തിനുണ്ടാകുന്ന ആഘാതം എന്നിവ ഒരു വര്‍ഷം നിരീക്ഷിച്ച്‌ പഠനറിപ്പോര്‍ട്ട് തയ്യാറാക്കും. റെയില്‍വേ മന്ത്രാലയം പദ്ധതി അംഗീകരിക്കുന്നില്ലെങ്കില്‍ സംസ്ഥാനം മുഴുവന്‍ ബാധ്യതയും വഹിക്കണമെന്ന കേന്ദ്ര ധനമന്ത്രാലയ സാമ്ബത്തിക കാര്യവകുപ്പിന്റെ നിര്‍ദ്ദേശം കത്തിടപാടിന്റെ ഭാഗമാണെന്ന് കെ- റെയില്‍ അറിയിച്ചു. പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെയും റെയില്‍വേയുടെയും സംയുക്ത സംരംഭമാണെന്നും വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group