ആശങ്കയുടെ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യയിലെ ഇടതുപക്ഷം കടന്നുപോകുന്നത്. ഈ രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാർ  പാർട്ടിയുടെ അന്ധമായ പിന്തുണ ആവശ്യപ്പെടുന്ന സമയത്ത്, വിരോധാഭാസം എന്ന പോലെ അതെ സർക്കാർ തന്നെ ഇടതുപക്ഷം മൂല്യങ്ങളുടെ ആശയ അടിത്തറയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇഎംഎസിൻറെ ഭാഷയിൽ പറഞ്ഞാൽ വലതുപക്ഷ വ്യതിയാനം പ്രത്യക്ഷത്തിൽ തന്നെ പ്രകടമാക്കുന്ന ഒരു ഭരണസംവിധാനമാണ് പിണറായി വിജയൻ സർക്കാർ.മുഖ്യമന്ത്രിയിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്നത് മുതൽ ‘ദുർബലൻ’ആയ പാർട്ടി സെക്രട്ടറി, ഇടതുപക്ഷ ചിന്താഗതി ഇല്ലാത്ത ഉപദേശക ദുരന്തം തുടങ്ങി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അഭികാമ്യമല്ലാത്ത എല്ലാ പ്രവണതകളെയും പ്രതിനിധീകരിക്കുന്ന ഒരു സർക്കാർ ആണ് ഇന്ന് കേരളം ഭരിക്കുന്നത്.

ഇവിടെ നാം പരിഗണിക്കേണ്ട ഒരു പ്രധാന വിഷയം,ആഗോളവൽക്കരണ ഭീഷണി ഇതിലും തീവ്രമായ നാളുകളിൽ കേരളത്തിൽ ഇടതുപക്ഷ സർക്കാരുകളെ നയിച്ചവർ ആണ് ശ്രീ ഇ കെ നായനാരും,വി എസ് അച്യുതാനന്ദനും. ഈ കാലഘട്ടങ്ങളിൽ ഒന്നിലും അടിസ്ഥാന ഇടതുപക്ഷ മൂല്യങ്ങളിൽ നിന്ന് ഇവരുടെ സർക്കാരുകൾ വ്യതിചലിച്ചില്ല. എന്നാൽ പിണറായി മറ്റൊരു ദിശയിലാണ് ഭരണസംവിധാനത്തെ മുൻപോട്ട് കൊണ്ടുപോകുന്നത്. ഒരു സിനിമയിൽ പറയുന്നതുപോലെ ബൂർഷ്വയെ ജയിക്കാൻ അതിലും വലിയ ബൂർഷ്വ ആവുക എന്ന നയമാണ് അദ്ദേഹം പിന്തുടരുന്നത്. സിനിമയിൽ ഡയലോഗ് പറയുന്ന കഥാപാത്രത്തിന് പിണറായി വിജയനുമായി ഒരുപാട് സാദൃശ്യങ്ങൾ ആ കാലഘട്ടത്തിൽ ആരോപിക്കപ്പെട്ടിരുന്നു.

കണ്ണൂർ ലോബി

മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും പ്രവർത്തക അടിത്തറയുള്ള ജില്ലയാണ് കേരളത്തിൽ കണ്ണൂർ. എല്ലാ കാലഘട്ടത്തിലും കണ്ണൂരിൽ നിന്നുള്ള പ്രമുഖ നേതാക്കൾ പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്നു. എങ്കിലും ഒരിക്കൽ പോലും ഒരു ഏകാധിപത്യ ശൈലിയിലേക്ക് പാർട്ടിയെ നടത്താതിരുന്നത് കണ്ണൂർ ലോബിയെ കവച്ചുവെക്കുന്ന പ്രാദേശിക സന്തുലിതാവസ്ഥ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായതുകൊണ്ടാണ്. ഇ എം എസും, ഗൗരിയമ്മയും, ബാലാനന്ദനും, വിഎസ് അച്യുതാനന്ദൻനും എല്ലാം ഉദാഹരണങ്ങൾ. പക്ഷേ ഇന്നിപ്പോൾ പിണറായിയെ ഭയപ്പെടുന്ന കണ്ണൂർ നേതാക്കളുടെ ഒരു നീണ്ട നിരയാണ് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ നയിക്കുന്നത്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ പിണറായി വിജയൻ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വാഴുന്ന കണ്ണൂർ ലോബിയുടെ പിടിയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. അവിടെപ്പോലും വിരുദ്ധ സ്വരം ഉയർത്തിയ, ജില്ലയിൽ വർദ്ധിത പ്രവർത്തക സ്വീകാര്യതയുള്ള പി ജയരാജനെ പോലുള്ളവർ നേതൃത്വ പദവികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതും അപകട സൂചനയാണ്.

പിണറായി വിജയൻ ഏകാധിപതി ആകുമ്പോൾ:

മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നു എന്നത് മാത്രമല്ല മന്ത്രിസഭയിൽ ഒരു രണ്ടാമനെകുറിച്ചുള്ള ചിന്ത പോലും ഇല്ലാതെയാണ് പിണറായി ഭരിക്കുന്നത്. മന്ത്രിമാർക്ക് സ്വന്തം വകുപ്പുകളിൽ (മാർക്സിസ്റ്റ് പാർട്ടിയുടെ മാത്രമല്ല മറ്റ് ഘടക കക്ഷി മന്ത്രിമാർക്കും) സ്വന്തമായി തീരുമാനം എടുക്കുന്നതിന് അർഹത ഇല്ലാതായിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം ഭരിക്കുമ്പോൾ സർക്കാരിനുമേൽ പാർട്ടിയുടെ നിയന്ത്രണം നിലനിർത്തിയിരുന്നത് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഇടപെടലായിരുന്നു. എന്നാൽ പിണറായിയുടെ വാക്കുകൾകപ്പുറത്ത് ചലിക്കാൻ പോലും ശേഷിയില്ലാത്ത ഒരു ആൾക്കൂട്ടമായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്
അധപതനം സംഭവിച്ചു. വിഎസ് സർക്കാരിനുമേൽ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് പാർട്ടി ഘടനയിൽ ആശ്രയിച്ചായിരുന്നു. എന്നാൽ പിണറായി മുഖ്യമന്ത്രിയായപ്പോൾ ആ പാർട്ടി ഘടനയെ തന്നെ അദ്ദേഹം ശിഥിലികരിച്ചു.

പ്രത്യയശാസ്ത്ര വ്യതിയാനം:

പ്രതിപക്ഷം നിരന്തരമായി ഉയർത്തുന്ന ഒരു ആരോപണമാണ് ‘കൺസൾട്ടൻസി രാജ്’. ഒരു യഥാർത്ഥ ഇടതുപക്ഷ സ്വഭാവമുള്ള സർക്കാരിന് നിയോ ലിബറൽ ലാഭ ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായ വൻകിട കുത്തകകളെ പദ്ധതി നിർവഹണത്തിൽ മേൽനോട്ടക്കാരൻ ആക്കുക എന്നത് അചിന്തനീയമാണ്.എന്നാൽ കേരളത്തിൽ നോക്കുക, മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതികളുടെ മേൽനോട്ടം വൻകിട കുത്തക കൺസൾട്ടൻസി കമ്പനികൾക്ക് ആണ്. ഇവരെ തെരഞ്ഞെടുക്കുന്നത് ആകട്ടെ പാർട്ടിയുമായി യാതൊരു ആലോചനയും കൂടാതെ ആണ് എന്നു മാത്രമല്ല പലപ്പോഴും നിയമം നിഷ്കർഷിച്ചിരുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധവും ആയിട്ടാണ്. ഇത്തരം കാര്യങ്ങളിലെല്ലാം അവസാനവാക്ക് മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്ന വിദഗ്ധരാണ്.

യുവജന,വിദ്യാർത്ഥി സംഘടനകൾ:

ഭരണപക്ഷത്ത് ഉള്ളപ്പോഴും പ്രതിപക്ഷത്തുള്ളപ്പോഴും കേരളത്തിൽ തീവ്രമായ സമരങ്ങൾ വിദ്യാഭ്യാസരംഗത്തും യുവജന വിഷയങ്ങളിലും ഉയർത്തിയിട്ടുള്ളത് ഇടതുപക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ ആണ്. എന്നാൽ അവരും ഈ ഭരണകൂടത്തിന് കീഴിൽ ഷണ്ഡീകരിക്കപ്പെട്ടിരിക്കുന്നു. അപ്രഖ്യാപിത നിയമന വിലക്കുള്ളപോൾ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത് കണ്ടിട്ടും, ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസം നയങ്ങൾക്കെതിരായ തീരുമാനങ്ങൾ തുടർച്ചയായി ഉണ്ടായിട്ടും നാവു ചലിപ്പിക്കാനും പ്രസ്താവന ഇറക്കുവാനും പോലും പ്രാപ്തിയില്ലാത്ത ഈ സംഘടനകളെ മറ്റൊരു വിശേഷണത്തോടെ അവതരിപ്പിക്കാൻ ഇന്ന് കേരളത്തിലെ സാഹചര്യത്തിൽ ആവില്ല.

ഇടതുപക്ഷ സംരക്ഷണ സന്ദേശം:

ദൗർഭാഗ്യകരമെന്നു പറയട്ടെ പിണറായി വിജയൻറെ കീഴിൽ ഒരു തുടർ ഭരണം ഇടതുപക്ഷത്തിന് ലഭിച്ചാൽ അവരെ സംബന്ധിച്ചിടത്തോളം കേരളത്തിൽ അത് ഒരു റെക്കോർഡ് ആയിരിക്കും. എന്നിരുന്നാലും ആശയ അടിത്തറ നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎമ്മിനെ അത്തരമൊരു സാധ്യത പരിണാമം ചെയ്തുകളയും. ലോകത്തെവിടെയായാലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അപചയം സംഭവിക്കുന്നത് ഏകാധിപത്യത്തിലേക്ക് വഴി മാറുമ്പോഴാണ്. കേരളത്തിലും ഇപ്പോൾ അതു തന്നെയാണ് സംഭവിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടം കേരളത്തിൽ മുന്നോട്ടുവയ്ക്കുന്നത് കമ്മ്യൂണിസം അല്ല മറിച്ച് പിണറായിസം ആണ്. ആ ചങ്ങല പൊട്ടിച്ചെറിയാൻ പ്രാപ്തിയുള്ള ഒരു സംവിധാനവും കേരളത്തിലെന്നല്ല ദേശീയ തലത്തിൽ പോലും സിപിഎമ്മിനില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2