​തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കേരളം കടന്നുപോകുന്ന സമയത്താണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഏറെ പ്രതീക്ഷയുമായെത്തിയ സര്‍ക്കാര്‍ മധുവിധു കാലം കഴിയും മുമ്ബേ വിവാദങ്ങളില്‍ ചെന്നുപെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നേകാല്‍ മാസത്തിനിടെ ഒന്നൊന്നായി എത്തിയ വിവാദങ്ങള്‍ സര്‍ക്കാരിന് മേല്‍ വീഴ്ത്തിയ കരിനിഴല്‍ ചെറുതല്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് പല വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നെങ്കിലും, തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ വീണ്ടും അധികാരത്തില്‍ തിരികെ എത്തുകയായിരുന്നു.

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി അധികം വൈകും മുമ്ബേ മരംമുറി വിവാദം ആളിപ്പടര്‍ന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പുറത്തിറങ്ങിയ ഉത്തരവിന്‍റെ പേരില്‍ നടന്ന മരം, വനം കൊള്ളയുടെ വാര്‍ത്തകളാണ് സര്‍ക്കാരിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിയത്. വനം, റവന്യൂ വകുപ്പുകള്‍ ആയിരുന്നു പ്രതിസ്ഥാനത്ത്. രണ്ട് വകുപ്പുകളും ഭരിച്ചിരുന്നത് സി പി ഐ ആയിരുന്നു. സര്‍ക്കാരും സി പി ഐയും ചീത്തപ്പേര് ഏറെ കേട്ട വിവാദത്തില്‍ എല്‍ ഡി എഫിലെ തിരുത്തല്‍ ശക്തിയായ സി പി ഐക്ക് ഇതുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മരംമുറി വിവാദം സജീവമായി നില്‍ക്കെയാണ് വനിത കമ്മിഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ അടുത്ത വിവാദത്തിന് തിരികൊളുത്തിയത്. സ്വകാര്യ ചാനലിലെ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ വിളിച്ച പരാതിക്കാരിയോട് ജോസഫൈന്‍ പ്രതികരിച്ച രീതി അയ്രേറെ പ്രതിഷേധമാണുണ്ടാക്കിയത്. ഒടുവില്‍ വലിയ നാണക്കേടിന് ശേഷം ജോസഫൈന് രാജിവച്ച്‌ ഒഴിയേണ്ടി വന്നു. എന്നാല്‍ മറ്റൊരു വനിത കമ്മിഷന്‍ അംഗമായ ഷാഹിദ കമാലിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും നിലനില്‍ക്കുകയാണ്.

വനിത കമ്മിഷന്‍ വിവാദത്തിനിടെയാണ് സ്വര്‍ണക്കടത്ത് കേസ് പുറത്ത് വരുന്നത്. രാമനാട്ടുകരയില്‍ അഞ്ച് പേര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പൊലീസിനെ നയിച്ചത് വലിയ ക്രിമിനല്‍ സംഘങ്ങളിലേക്കായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തെ തന്നെ ഇളക്കിമറിക്കുകയാണ് ഈ കേസ്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയെ പൊലീസ് തിരയാന്‍ തുടങ്ങിയപ്പോള്‍ തന്നെ സി പി എം പ്രതിരോധത്തിലായിരുന്നു.

അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്ന കാര്‍ ഡി വൈ എഫ് ഐ ചെമ്ബിലോട് നോര്‍ത്ത് മേഖലാ സെക്രട്ടറി സി സജേഷിന്‍റേതായിരുന്നു. ഈ വിവരം പുറത്തുവന്നതോടെ സജേഷിനെ ഡി വൈ എഫ് ഐയും പിന്നീട് സി പി എമ്മും പുറത്താക്കി. ഉടന്‍ നടപടിയെടുത്തെങ്കിലും, നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടിയ്ക്കും ഡി വൈ എഫ് ഐയ്ക്കും ഇതുവരെ സാധിച്ചിട്ടില്ല.

കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകളാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഏറ്റവും ഒടുവിലത്തെ ആരോപണമായി ഉയര്‍ത്തികാട്ടുന്നത്. സര്‍ക്കാര്‍ ഡാറ്റ ശേഖരിച്ചില്ലെങ്കില്‍ തങ്ങള്‍ ശേഖരിക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി. അത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് സര്‍ക്കാരിനെതിരരെയുളള വലിയ ജനകീയ ക്യാമ്ബയിനായി മാറും.

99 സീറ്റുകളുടെ ചരിത്ര വിജയത്തോടെയാണ് ഇത്തവണ എല്‍ ഡി എഫ് അധികാരത്തിലെത്തിയത്. മന്ത്രിസഭയിലും ഒരുപാട് പുതുമ കൊണ്ടുവരാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. മുഖ്യമന്ത്രിയും രണ്ട് ഘടകക്ഷി മന്ത്രിമാരും ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങളാണെന്ന പ്രത്യേകതയും സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ തുടക്കത്തിലെ വിവാദങ്ങളിലൂടെ വലിയ പ്രതിച്ഛായ നഷ്ടമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ സര്‍ക്കാരിന് സംഭവിച്ചിരിക്കുന്നത്.