മനില: സൈനികരടക്കം 96 യാത്രക്കാരടങ്ങിയ ഫിലിപ്പീന്‍സ് എയര്‍ഫോഴ്സിന്റെ സി -130 സൈനിക വിമാനം ഇന്നലെ രാവിലെ സുലു പ്രവിശ്യയിലെ ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെറ്റിമാറിയുണ്ടായ അപകടത്തില്‍പ്പെട്ട് 45 പേര്‍ മരിച്ചു. മരിച്ചവരില്‍ 42പേര്‍ സൈനികരും മൂന്നുപേര്‍ പ്രദേശവാസികളുമാണ്. 49 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കാണാതായ 5 സൈനികര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നുവെന്നാണ് വിവരം.
നിലവില്‍ രാജ്യത്തുണ്ടായതില്‍ വച്ചേറ്റവും വലിയ സൈനിക ദുരന്തമാണിത്. ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയില്‍ നിന്ന് സൈനികരെ മിന്‍ഡനാവോ ദ്വീപിലേക്ക് മാറ്റുന്നതിനിടയിലാണ് ലോകത്തെ ഞെട്ടിച്ച ദുരന്തം സംഭവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിമാനയാത്രക്കാരില്‍ ഭൂരിഭാഗവും അടുത്തിടെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ പുതിയ ബാച്ച്‌ സൈനികരാണ്. ചില സൈനികര്‍ വിമാനം തകരുന്നതിന് മുമ്ബ് പുറത്തേക്ക് ചാടിയതായി സുലു ടാസ്ക് ഫോഴ്സ് മേധാവി മേജര്‍ ജനറല്‍ വില്യം ഗോണ്‍സാല്‍സ് പറഞ്ഞു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വിമാനം അപകടത്തില്‍പ്പെട്ട പ്രദേശം സംഘര്‍ഷ ബാധിത മേഖലയാണ്. ഈ പ്രദേശത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി എത്തേണ്ടിയിരുന്ന സൈനികരാണ് അപകടത്തില്‍പ്പെട്ടത്.

ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതാണ് അപകട കാരണമെന്ന് സൈനിക മേധാവി ജനറല്‍ സിറിലിറ്റോ സോബെജാന മാദ്ധ്യമങ്ങളോട് പറഞ്ഞു. വിമാനം വീണ്ടും നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ല. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് ഫിലിപ്പീന്‍സ് സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ മേനാര്‍ഡ് മരിയാനോ പറഞ്ഞു.

ഈ വര്‍ഷം ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ വിമാന അപകടമാണിത്.ഫിലിപ്പീന്‍സ് സര്‍ക്കാരിന് അമേരിക്ക നല്കിയ യു.എസ് വ്യോമസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന രണ്ട് വിമാനങ്ങളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക