തിരുവനന്തപുരം: മറ്റുള്ളവരെ പോലെ പൊതു ഇടങ്ങളിൽ പോയി വിശ്രമിക്കാനോ മദ്യപിക്കാനോ സാധിക്കാത്തതിനാൽ ബാർ ലൈസൻസിന് അനുമതി തേടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി സിവില്‍ സര്‍വിസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്. പിരിമുറക്കം മാറ്റാനായി ഉദ്യോഗസ്ഥര്‍ക്കു വിശ്രമിക്കാനും ചര്‍ച്ചകള്‍ നടത്താനും സ്വസ്ഥമായി മദ്യപിക്കാനും ഇളവുകളോടെ ബാര്‍ ലൈസന്‍സിന് അനുമതി തേടിയാണ് സിവില്‍ സര്‍വിസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകിയത്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുള്‍പ്പെടെ അംഗങ്ങളായ സിവില്‍ സര്‍വിസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ഗോള്‍ഫ് ലിങ്ക്‌സ് റോഡിലാണ് പ്രവര്‍ത്തിക്കുന്നത്. ബാര്‍ സഹിതമുള്ള ക്ലബ് ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യമാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഇതിന്റെ ഭരണസമിതി മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ വച്ചിരിക്കുന്നത്. ഇവിടെ ക്ലബ് ലൈസന്‍സ് അനുവദിക്കണമെന്നു മുന്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ക്ലബ് അനുവദിക്കുമ്ബോള്‍ ലൈസന്‍സ് ഫീ കുറയ്ക്കണമെന്നും മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറഞ്ഞ ലൈസന്‍സ് ഫീസ് ഈടാക്കി ക്ലബ് ലൈസന്‍സ് നല്‍കാന്‍ സാധിക്കുമെന്നും മുമ്ബ് ഇത്തരത്തില്‍ സംസ്ഥാനത്ത് ഇളവ് നല്‍കിയിട്ടുണ്ടെന്നും എക്‌സൈസ് കമീഷണറും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്ക് ബാറുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പോയി മദ്യപിക്കുന്നതിനുള്‍പ്പെടെ പൊതുചട്ട പ്രകാരം ചില നിയന്ത്രണങ്ങളുണ്ട്. ആ സാഹചര്യത്തിലാണ് സ്വസ്ഥമായി മദ്യപിക്കാന്‍ ഈ സ്ഥാപനത്തിന് ബാര്‍ ലൈസന്‍സ് ലഭ്യമാക്കണമെന്ന ആവശ്യം. നിലവില്‍ ബാര്‍ ലൈസന്‍സിന് വന്‍തുകയാണ് അടയ്‌ക്കേണ്ടത്. അതില്‍ ഇളവ് നല്‍കി ലഭ്യമാക്കണമെന്ന ആവശ്യമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. കൊച്ചിയില്‍ മറൈന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ ഇളവ് നല്‍കി ബാര്‍ ലൈസന്‍സ് ലഭ്യമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

ക്ലബ്ബുകള്‍ക്ക് എക്സൈസ് വകുപ്പിന്റെ ലൈസന്‍സ് ലഭിക്കണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കണമെന്നാണു വ്യവസ്ഥ. ഉന്നത ഉദ്യോഗസ്ഥരുടെ അപേക്ഷയില്‍ എക്‌സൈസ് കമ്മിഷണറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥര്‍ക്കുള്ള ക്ലബ് ലൈസന്‍സ് വര്‍ഷം 50,000 ഈടാക്കി അനുവദിച്ചിട്ടുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ സര്‍ക്കാരിനെ അറിയിച്ചു. പ്രത്യേക വിഭാഗമായി പരിഗണിച്ച്‌ ചട്ടഭേദഗതി വരുത്തി ക്ലബ് ലൈസന്‍സ് നല്‍കുകയായിരുന്നു.

ഇതേ മാതൃകയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിയാലേ ലൈസന്‍സ് തുകയില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ അന്തിമതീരുമാനം എടുക്കും.