പയ്യപ്പാടി:സിസിടിവി ഉള്‍പ്പടെ ഓഫ് ചെയ്തു കൊണ്ട് പുതുപ്പള്ളി പയ്യപ്പാടി വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ ഹൈടെക്ക് മോഷണം. കാണിക്ക വഞ്ചി തകര്‍ത്ത് മോഷണം. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയ്ക്കു ശേഷമാണ് ക്ഷേത്രത്തില്‍ മോഷണ നടന്നത്.മോഷണ ശ്രമത്തിനിടയില്‍ മൂന്ന് കാണിക്ക വഞ്ചി തകര്‍ക്കുകയും ശ്രീകോവിലിന് ഉള്ളില്‍ പ്രവേശിക്കുകയും ചെയ്തു. ക്ഷേത്രത്തിനുള്ളിലെ സി.സി.ടി.വി ക്യാമറകള്‍ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചിരിക്കുന്നത്.ക്ഷേത്രത്തിനു പിന്നിലെ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ ക്ഷേത്രത്തിന് ഉള്ളിലേക്ക് പ്രവേശിച്ചത്.ലോക്ക് ഡൗണ്‍ കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ അധികം ഭക്തര്‍ എത്തിയിരുന്നില്ല അതു കൊണ്ട് തന്നെ കാണിക്കവഞ്ചിയില്‍ അധികം പണം ഉണ്ടാകാന്‍ ഇടയില്ല എന്നാണ് കരുതുന്നത്. ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ കടന്ന മോഷ്ടാവ് ആദ്യം ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറകള്‍ ഓഫ് ചെയ്തു. തുടര്‍ന്നു ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഓട് പൊളിച്ച ശേഷം അകത്തു കടന്നതായി പൊലീസ് പറയുന്നു.
ശ്രീകോവിലിനുള്ളില്‍ കയറിയ മോഷ്ടാവ് ക്ഷേത്രത്തിനുള്ളില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല.തുടര്‍ന്ന് ഇവിടെ നിന്നും പുറത്തിറങ്ങിയ മോഷ്ടാവ്, ക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചികള്‍ മൂന്നെണ്ണം തകര്‍ത്തു.
ഇതിനുള്ളിലുണ്ടായിരുന്ന ചില്ലറത്തുട്ടുകളും മോഷ്ടാവ് കവര്‍ന്ന ശേഷം കടന്നു കളയുകയായിരുന്നു. രാവിലെ ക്ഷേത്രത്തില്‍ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്നു, ഈസ്റ്റ് പൊലീസില്‍ വിവരം അറിയിച്ചു.
ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസ് , എസ്.ഐ രഞ്ജിത്ത് വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും സൈന്റിഫിക്ക് എക്സ്പേര്‍ട്ടും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2