സ്വന്തം ലേഖകൻ

കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് റോഡിൽ വീണു കിടന്ന യുവാവിന്റെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച കാപ്പാ കേസ് പ്രതിയടങ്ങുന്ന സംഘം പിടിയിൽ. കൊട്ടാരക്കര ആവണീശ്വരംയ പ്ലാക്കീനിൽ ചാരുവിള വീട്ടിൽ വിഷ്ണു (26), കൊട്ടാരക്കര വിളക്കുടി ജയാഭവൻ വീട്ടിൽ സെൻകുമാർ (മണിക്കുട്ടൻ -29), കൊട്ടാരക്കര ആവണീശ്വരം ഹരിഭവനിൽ ഹരിക്കുട്ടൻ (20) എന്നിവരെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടുന്നതിനായി കൊട്ടാരക്കര സബ് രജിസ്റ്റർ ഓഫിസിന്റെ പരിധിയിലുള്ള മുഴുവൻ വാഗൺ ആർ കാറുകളും പൊലീസ് പരിശോധിച്ചു.

ആഗസ്റ്റ് 18 നായിരുന്നു കേസിനാസ്പദമായ സംഭവം. തൊടുപുഴയിലെ ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായ പ്രവിത്താനം അന്തിനാട് ഓലിക്കൽ മനു സ്‌കറിയയുടെ മാലയും മൊബൈൽ ഫോണുമാണ് പ്രതികൾ മോഷ്ടിച്ചത്. ജോലിയ്ക്കു ശേഷം വീട്ടിലെത്തിയ മനു സ്‌കറിയയ്ക്കു ഭക്ഷ്യവിഷബാധയേറ്റു. ഇതേ തുടർന്നു ഇദ്ദേഹം സമീപത്തെ ആശുപത്രിയിലേയ്ക്കു സ്വയം ബൈക്ക് ഓടിച്ചു പോയി. ഇതിനിടെ, മനുവിനു അസ്വസ്ഥതയുണ്ടാകുകയും, ഇയാൾ പ്രവിത്താനം എം.കെ.എം ആശുപത്രിയ്ക്കു സമീപം ബോധരഹിതനായി ബൈക്കിൽ നിന്നും വീഴുകയുമായിരുന്നു.

ബോധം തെളിഞ്ഞതിനെ തുടർന്നു ഇദ്ദേഹം ആശുപത്രിയിൽ എത്തിയപ്പോഴാണ് താൻ മോഷണത്തിനു ഇരയായതായി കണ്ടെത്തിയത്. തുടർന്നു, ഇദ്ദേഹം പാലാ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു, പാലാ പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഗൺ ആർ കാറിലെത്തിയ മൂന്നു യുവാക്കളുടെ സംഘമാണ് മോഷണം നടത്തിയത് എന്നു കണ്ടെത്തി. തുടർന്നു, പാലാ തൊടൂപുഴ റോഡിൽ റോഡിൽ നടത്തിയ അന്വേഷണത്തിൽ കൊട്ടാരക്കര രജിസ്‌ട്രേഷനിലുള്ള കാറാണ് എന്നു കണ്ടെത്തി.

തുടർന്നു, പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഇവർ കൊട്ടാരക്കര ഭാഗത്തെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതായി പാലാ ഡിവൈ.എസ്.പി ഡിവൈ.എസ്.പി ബൈജുകുമാറിനു രഹസ്യ വിവരം ലഭിച്ചു. തുടർന്നു, സി.ഐ അനൂപ് ജോസ്, എസ്്.ഐമാരായ ഹാഷിം കെ.എച്ച്, മാമൻ ജോസഫ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, അരുൺ ചന്ദ് എന്നിവർ ചേർന്നു പ്രതികളെ പിടികൂടുകയായിരുന്നു.

കൊട്ടാരക്കര കുന്നിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പ ചുമത്തിയ പ്രതിയാണ് വിഷ്ണു. പ്രദേശത്തെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം വാഗമണ്ണിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് റോഡിൽ വീണു കിടക്കുന്ന മനുവിനെ കണ്ടതിന്. തുടർന്നു ഇവർ മാലയും മൊബൈൽ ഫോണും കവരുകയായിരുന്നു. ഫോണിന്റെ ലോക്ക് അഴിക്കുന്നതിനായി പ്രദേശത്തെ ഒരു കടയിൽ കൊടുത്തിരുന്നതു പൊലീസ് കണ്ടെത്തി. മനുവിന്റെ മാല വിഷ്ണുവിന്റെ വീട്ടിലെ ചെടിച്ചട്ടിയിൽ നിന്നും പൊലീസ് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2