കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലുണ്ടായ തോല്‍വി പരിശോധിക്കുന്നത് സിപിഎമ്മിന്‍റെ ആഭ്യന്തര കാര്യമാണെന്ന് ജോസ് കെ മാണി പറഞ്ഞു. വിജയിച്ചാലും പരാജയപ്പെട്ടാലും എല്ലാ പാര്‍ട്ടിയും പരിശോധന നടത്താറുണ്ട്. കേരളാ കോണ്‍ഗ്രസും ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച്‌ അന്വേഷിക്കാനുള്ള സിപിഎം തീരുമാനത്തിലാണ് ജോസ് കെ മാണിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലെ തോല്‍വി അന്വഷിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണം എല്‍ഡിഎഫ് ഘടകക്ഷികളുടെ നിസ്സഹകരണമാണെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തിയത്. പാലായില്‍ ജോസ് കെ മാണിക്ക് വേണ്ടത്ര പിന്തുണ സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും നേതാക്കള്‍ക്ക് പരാതിയുണ്ട്. പാലാ, കടുത്തുരുത്തി, പിറവം, പെരുമ്ബാവൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളിലെ തോല്‍വിയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അന്വേഷണ കമ്മീഷന്‍ അംഗങ്ങളെ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും. പിറവത്തും പെരുമ്ബാവൂരിലും സിപിഎം കാലുവാരിയെന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പ്രാദേശിക നേതാക്കള്‍ ജോസ് കെ മാണിയെ അറിയിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന പാലാ നഗരസഭയിലെ കൈയ്യാങ്കളി ക്ഷീണമുണ്ടാക്കി. ഘടകക്ഷികളുടെ വിജയത്തിനായി കേരളാ കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിച്ചെങ്കിലും തിരിച്ച്‌ വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്ന് ജോസ് കെ മാണി പറയുന്നു.

കേരളാ കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലങ്ങളിലെ തോല്‍വി സിപിഎമ്മും അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ സമൂല മാറ്റത്തിനാണ് കേരളാ കോണ്‍ഗ്രസ് തുടക്കമിടുന്നത്. പാര്‍ട്ടിയില്‍ സെക്രട്ടേറിയറ്റ് എന്ന പുതിയ ഉന്നത സമിതി കൊണ്ട് വരും. പാര്‍ട്ടി അംഗങ്ങളുടെ ലെവി പിരിക്കാന്‍ രൂപരേഖ തയ്യാറാക്കി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തും. മൂന്നംഗ അച്ചടക്ക സമിതിയേയും രൂപീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക