തുടര്‍ഭരണമുറപ്പിക്കാനാണ് മാണി സി കാപ്പനെ പാലാ സീറ്റില്‍ നിന്ന് പിണറായി നിഷ്‌കരുണം വലിച്ചെറിഞ്ഞത്. കാപ്പന് താങ്ങാവുന്നതിലധികം ഷോക്കായിരുന്നു ഇത്. ഇന്നലെ വരെ തന്നോടൊപ്പം നിന്ന് കേരളാ കോണ്‍ഗ്രസ് എമ്മിനെ പാലായില്‍ നിന്ന് കെട്ടുകെട്ടിച്ചവരാണ് അടുത്ത മണിക്കൂറില്‍ പാലം വലിച്ചത്. രാഷ്ട്രീയത്തില്‍ നെറികേട് കാണിച്ച ചരിത്രമില്ലാത്ത മാണി സി കാപ്പന് നൊന്തു. ഇതിനെതിരെ കാപ്പന്‍ പാലാ വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ യുഡിഎഫിലേക്ക് കളം മാറ്റിച്ചവിട്ടുകയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പുതിയൊരു പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. അങ്ങിനെ ജോസ് കെ മാണിയും മാണി സി കാപ്പനും ഏറ്റുമുട്ടുന്ന പാലാ തന്നെയായിരിക്കും കോട്ടയത്തെ പ്രസ്റ്റീജ് പോരാട്ടം.

ഇന്നലെ വരെ കെ.എം. മാണിയെ നോട്ടെണ്ണുന്ന യന്ത്രം വീട്ടിലുള്ള നേതാവെന്ന് വിളിച്ച്‌ കളിയാക്കിയ എല്‍ഡിഎഫ് തന്നെ ഇപ്പോള്‍ കെ എം മാണി സ്മാരകം പണിയാന്‍ അഞ്ച് കോടി നല്‍കിയിരിക്കുന്നു. ഒപ്പം മാണിയുടെ കോട്ട തകര്‍ത്ത് എല്‍ഡിഎഫിന് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത അതേ മാണി സി കാപ്പനെ കറിവേപ്പില പോലെ വലിച്ചെറിയുന്നു. ഇതിനോട് എങ്ങിനെയാണ് പാലായിലെ വോട്ടര്‍മാര്‍ പ്രതികരിക്കുക?  ജോസ് കെ. മാണിയെ വീഴ്ത്താന്‍ മാണി സി കാപ്പന് കഴിയുമോ? തുടര്‍ഭരണം ഉറപ്പിക്കാന്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയെ സഹായിക്കാന്‍ ജോസ് കെ. മാണിക്കാവുമോ? ഇതൊക്കെയാണ് കോട്ടയം ജില്ലയിലുയരുന്ന പ്രധാന ചോദ്യങ്ങള്‍.

ജോസ് കെ മാണിയെ മുന്നിലിറക്കി തദ്ദേശതെരഞ്ഞെടുപ്പില്‍ നടത്തിയ പിണറായിയുടെ പരീക്ഷണം കോട്ടയത്ത് ഫലം കണ്ടു. യുഡിഎഫിന്‍റെ കോട്ടയായ കോട്ടയത്തെ ചുവപ്പിച്ചെടുക്കാന്‍ പിണറായിക്ക് കഴിഞ്ഞു. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് കോട്ടയെന്ന ചരിത്രം തിരുത്തി കോട്ടയത്തെ ചുവപ്പു കോട്ടയാക്കാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് പിണറായി നടത്തുന്നത്. കെ.എം. മാണിയുടെ അഭാവത്തില്‍, സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറിയ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനും ജീവന്മരണപ്പോരാട്ടമായിരിക്കും. എന്തിരുന്നാലും ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുമുന്നണി ജോസ് കെ മാണിയെ ഒതുക്കും എന്ന് വിശ്വസിക്കുന്നവരാണ് മധ്യതിരുവിതാംകൂറിൽ കൂടുതൽ ആളുകളും. അതുകൊണ്ടുതന്നെ കെഎം മാണിയുടെ മകനുവേണ്ടി ആണെങ്കിൽ കൂടിയും വിശ്വാസ വിരുദ്ധരായ കമ്മ്യൂണിസ്റ്റുകാർക്ക് പിന്തുണ കൊടുക്കണമോ എന്നതാണ് പ്രബല വിഭാഗങ്ങൾക്കിടയിൽ ഉയരുന്ന ചോദ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2