കെഎം മാണിയുടെ മരണംവരെ കോട്ടയം ജില്ലയിലെ അദ്ദേഹത്തിൻറെ ആദ്യ വിശ്വസ്തൻ ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, ഇ ജെ അഗസ്തി. എന്നാൽ യുഡിഎഫ് വിടാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ അദ്ദേഹം തയ്യാറായില്ല. ജോസ് – പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിൽ പിളർന്നപ്പോൾ ജോസ് കെ മാണിയെ കേരള കോൺഗ്രസ് ചെയർമാൻ ആയി നിർദ്ദേശിച്ചത് പോലും ഇ ജെ അഗസ്തിയാണ്. എന്നാൽ കെഎം മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തോടൊപ്പം ജോസ് കെ മാണി രാഷ്ട്രീയ നിലപാട് സ്വീകരിച്ചത് അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം യുഡിഎഫിൽ ഉറച്ചു നിന്നു.

രാഷ്ട്രീയ പകപോക്കൽ:

ഇ ജെ അഗസ്തി കേരള കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഋഷിതുല്യനായ നേതാവാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ കാർഷിക വികസന ബാങ്കിൽ അവിശ്വാസം അവതരിപ്പിക്കുവാൻ ജോസ് പക്ഷത്തെ പ്രമുഖ നേതാക്കളായ ബോർഡംഗങ്ങൾ തയ്യാറായില്ല. അതുകൊണ്ട് 13 അംഗ ബോർഡിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തോട് ഒപ്പം നിന്ന ഏഴ് അംഗങ്ങളെ രാജി വെപ്പിച്ച് ബോർഡ് ന്യൂനപക്ഷം ആക്കി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിൽ ബാങ്കിനെ കൊണ്ടുവന്നു. എന്നാൽ ഹൈക്കോടതിയിൽ പോയി ഈ വിധിയെ അസ്ഥിരപ്പെടുത്തുകയും ഇ ജെ അഗസ്തി ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ബാങ്ക് ഭരണം കൈമാറുകയും ആണ് കോടതി ചെയ്തത്.

ഇതുകൂടാതെ യുഡിഎഫിനൊപ്പം എന്ന നിലപാട് അഗസ്തി കൈകൊണ്ടപ്പോൾ മുതൽ അദ്ദേഹത്തിനെതിരെ ശക്തമായ സൈബർ ആക്രമണം ആണ് ഉണ്ടായത്. അകാലത്തിൽ അന്തരിച്ച അദ്ദേഹത്തിൻറെ മകനെ പോലും അധിക്ഷേപിക്കുന്ന രീതിയിൽ കേരള കോൺഗ്രസിൻറെ പാലായിലെ ഒരു പ്രമുഖ നേതാവ് തന്നെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതെല്ലാം വിലയിരുത്തി ആവും ജനം വോട്ടു ചെയ്യുക എന്ന് പക്ഷമാണ് യുഡിഎഫ് കേന്ദ്രങ്ങൾ ഉയർത്തുന്നത്.

അഗസ്തിക്കെതിരെ മത്സരിക്കാൻ ജോസ്പക്ഷ പ്രമുഖർക്ക് വിമുഖത:

ജോസ് കെ മാണിയുടെ മുന്നണി മാറ്റം 2024 വരെ കാലാവധിയുള്ള ഭരണസമിതിയെ അസ്ഥിരപ്പെടുത്തിയതോടുകൂടി ഏപ്രിൽ പതിനെട്ടാം തീയതി വീണ്ടും തിരഞ്ഞെടുപ്പ് നടക്കുകയാണ്. യു ഡി എഫ് പാനലിനെ നയിക്കുന്നത് ഇ ജെ അഗസ്തി ആണ്. കെഎം മാണിയോടൊപ്പം അടിയുറച്ച് നിന്ന നേതാക്കളുടെയും, പ്രമുഖ കോൺഗ്രസ് നേതാക്കളുടെയും ഭാഗഭാഗിത്വം ഉള്ള പാനലാണ് ഇ ജെ അഗസ്തിയുടെ നേതൃത്വത്തിൽ യുഡിഎഫിനു വേണ്ടി മത്സരിക്കുന്നത്. എന്നാൽ ഇടതുമുന്നണിയിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടം തുടങ്ങി  മുൻ ബോർഡിൽ അംഗമായിരുന്ന പ്രമുഖർ ഇത്തവണ ഇടതു പാനലിൽ മത്സരിക്കുവാൻ വിമുഖത അറിയിച്ചു. അതുകൊണ്ടുതന്നെ ഒരു രണ്ടാംനിര പാനലാണ് ഇടതു മുന്നണിക്ക് വേണ്ടി ജോസ് വിഭാഗം മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത് എന്ന് പറയേണ്ടിവരും.

ഇടതു പാനൽ ശുഷ്കം:

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ അവശേഷിക്കുന്ന നേതൃനിര പോലും മത്സരരംഗത്ത് നിന്നു മാറി നിൽക്കുമ്പോൾ ഇടതു പാനൽ ശുഷ്കമാണ് . നേതാക്കളുടെ അഭാവം മാത്രമല്ല ഇടതു പാനലിൽ ശ്രദ്ധിക്കപ്പെടുന്നത്. ജോസ് കെ മാണിയെ ആളുകളിൽനിന്ന് അകറ്റിനിർത്തുന്ന ഒരു പ്രത്യേക കോക്കസിൻറെ സാന്നിധ്യമാണ് ഇടതു പാനലിൽ ദൃശ്യമാകുന്നത് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കെ എം മാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ഒരു പ്രമുഖനാണ് പാനലിനെ നയിക്കുന്നത്. ഇദ്ദേഹവും സഹോദരനും അടങ്ങുന്ന ഒരു കൂട്ടം ആളുകൾ ചെയർമാനെ നിയന്ത്രിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി ശക്തമാണ്.

പാലായിലെ രാഷ്ട്രീയവൃത്തങ്ങളിൽ കാർഷിക വികസന ബാങ്ക് ലേക്കുള്ള തിരഞ്ഞെടുപ്പ് സജീവ ചർച്ചയാണ്. കെഎം മാണിയുടെ മകന് കെഎം മാണിയുടെ വിശ്വസ്തന് വെല്ലുവിളി ഉയർത്തുവാൻ സാധിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. പ്രാദേശികമായി പാലായുടെ രാഷ്ട്രീയത്തിൽ കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിന് വലിയ പ്രസക്തിയാണ് അതുകൊണ്ടുതന്നെ ഇത്തവണ ലഭിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2