ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്താന്‍. ദാവൂദ് ഇബ്രാഹിം അടക്കമുള്ളവര്‍ക്കെതിരെ പാക് സര്‍ക്കാരിന്‍റെ സാമ്പത്തിക ഉപരോധം. യുഎൻ ഭീകര പട്ടികയിലുള്ള വ്യക്തികള്‍ക്കും ഭീകര സംഘടനകള്‍ക്കും എതിരെയാണ് നടപടി. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് ഒപ്പം സ്വത്തുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലും ആക്കിയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ 1993 ലെ മുംബൈ സ്ഫോടന പരമ്പരകളുടെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തുണ്ടെന്ന് പാകിസ്ഥാൻ സമ്മതിക്കുകയാണ്.

ജമാ അത്ത് ദുവാ തലവൻ ഫാഫിസ് സയീദിനും ജയ്ഷ മുഹമ്മദ് ഭീകരൻ മസൂദ് അസറിനും  പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയിൽ പെടുന്നത് ഒഴിവാക്കാനാണ് പാകിസ്ഥാന്‍റെ നടപടി. ദാവൂദിന് അഭയം നല്‍കിയിട്ടില്ലെന്നായിരുന്നു പാകിസ്താന്റെ ഇതുവരെയുള്ള വാദം. ഹാഫിസ് സയീദ്, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടാനും പാകിസ്താന്‍ തീരുമാനിച്ചു. ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യന്‍ യൂണിയന്‍ എന്നിവടങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് പാകിസ്താന്‍ മുതിര്‍ന്നത്.

2019 കഴിയുന്നതിന് മുമ്പ് ശക്തമായ നടപടി സ്വീകരിച്ചിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തോടെ സമയം നീട്ടി നല്‍കുകയായിരുന്നു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ രാജ്യാന്തര സാമ്പത്തിക സഹകരണം കുറയും.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാനും കരിമ്പട്ടികയില്‍ പെടാതിരിക്കാനുമാണ് പാകിസ്താന്‍ കൂടുതല്‍ ഭീകരവിരുദ്ധ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള പാക്കിസ്ഥാന്റെ അവസാന ശ്രമമാണ് ഇപ്പോഴത്തേത്. 88 ഭീകരാവാദികള്‍ക്കും സംഘടനകള്‍ക്കും എതിരെയാണ് പാകിസ്താന്‍ നിലവില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2018 ലാണ് പാകിസ്താനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2