കോഴിക്കോട്: ബംഗലൂരുവില്‍ പിടിയിലായ മയക്കുമരുന്ന് സംഘവുമായി സംസ്ഥാനത്തെ രാഷ്ട്രീയ, സിനിമ ലോബികളുടെ ഇടപെടല്‍ അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെയും ഗുരുതരമായ ആരോപണം ഫിറോസ് ഉയര്‍ത്തി. മയക്കുമരുന്ന് ഇടപാടില്‍ ബംഗലൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമാണുള്ളത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം ബിനീഷ് പല തവണ അനൂപിനെ വിളിച്ചത് സ്വര്‍ണക്കടത്ത് കേസിലുള്ള ഇവരുടെ ബന്ധമാണ് പുറത്തുകൊണ്ടുവരുന്നതെന്നും പി.കെ ഫിറോസ് പറഞ്ഞു.സിനിമ താരങ്ങള്‍ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടായത് ബിനീഷ് കോടിയേരിയുമായി വഴിയാണോ എന്ന് സംശയമുണ്ട്. അനുപ് മുഹമ്മദിന്റെ ഹോട്ടലിലാണ് മയക്കുമരുന്ന് ഇടപാടുകള്‍ നടന്നിരിക്കുന്നത്.

2013ലാണ് അനൂപ് ബംഗലൂരുവില്‍ എത്തുന്നത്. ആഫ്രിക്കന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വിറ്റാണ് തുടക്കം. ബംഗലൂരു നഗരത്തിലെ ഹമ്മളഹള്ളിയില്‍ ഹയാത്ത് ഹോട്ടല്‍ തുടങ്ങാന്‍ 2015ല്‍ പണം നല്‍കിയത് ബിനീഷ് കോടിയേരിയാണെന്ന് അനൂപ് മുഹമ്മദ് അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ബിനീഷിന്റെ പിതാവിന്റെന പേരും വിലാസവും അടക്കമാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. 2019ല്‍ തുടങ്ങിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഫെയ്‌സ്ബുക്കില്‍ ആശംസ നേര്‍ന്നിരുന്നു. ലോക്ഡൗണ്‍ സമയത്ത് ജൂണ്‍ 19ന് കുമരകത്തെ ഒരു ഹോട്ടലില്‍ നടന്ന നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരി പങ്കെടുത്തിരുന്നു. ജൂണ്‍ 21ന് ബിനീഷ് ആലപ്പുഴയില്‍ ഉണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ദിവസങ്ങളോളം ബിനീഷ് ബംഗലൂരുവിലെ റോയല്‍ അപ്പാര്‍ട്ട്മെന്റ് സ്യൂട്ടില്‍ താമസിച്ചിരുന്നു. ഈ മൊഴി റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. അന്വേഷണ സംഘം ശരിവച്ചതുമാണെന്ന് പി.കെ ഫിറോസ് പറയുന്നു.

കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന അറസ്റ്റിലായ ജൂലായ് 10ന് നിരവധി തവണ ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിനെയും തിരിച്ചും വിളിച്ചതായി ഫോണ്‍രേഖകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നു പലരും അന്നേ ദിവസം അനൂപിനെ ബന്ധപ്പെട്ടിട്ടുണ്ട്. 26 തവണ ഫോണില്‍ വിളിച്ചുവെന്നാണ് ഫിറോസിന്റെ ആരോപണം. അനൂപ് മുഹമ്മദ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഫിറോസ് പുറത്തുവിട്ടു. കേരളത്തിലെ നൈറ്റ് പാര്‍ട്ടികളിലും സിനിമാ സെറ്റുകളിലും മയക്കുമരുന്ന് എത്തിക്കുന്നത് കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ആണെന്ന് സൂചനയുണ്ട്. അനൂപിന്റെ ഹോട്ടലിന് ആശംസ അര്‍പ്പിച്ച്‌ നിരവധി സിനിമാ താരങ്ങളും ഫെയ്‌സ്ബുക്കില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് അനൂപ് മുഹമ്മദുമായി മയക്കുമരുന്ന് ഇടപാടില്‍ ബന്ധമുണ്ടെന്ന് താന്‍ പറയുന്നില്ല. മുഹമ്മദ് അനുപിന്റെ ഫെയ്‌സ്ബുക്കില്‍ ബിനീഷ് കോടിയേരിയുെട നിരവധി പോസ്റ്റുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് സംശയയിക്കുന്ന ചിലരുടെ സിനിമകളും നിരന്തരം ഷെയര്‍ ചെയ്യുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.

കേരളത്തിലേക്ക് അന്വേഷണം നടക്കാതിരിക്കാനുള്ള വലിയ സമ്മര്‍ദ്ദം അന്വേഷണ സംഘത്തിനു മേലുണ്ട്. എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് ഈ ബിസിനസ് ചെയ്യുന്നതെന്ന് അനൂപും അനഘയും നല്‍കിയ മൊഴിയില്‍ പറയുന്നു. നിഷ്പക്ഷമായ അന്വേഷണം നടക്കണം. രാഷ്ട്രീയമായി സി.പി.എമ്മിനേയോ സി.പി.എം സംസ്ഥാന സെക്രട്ടറിയേയോ പ്രതികൂട്ടില്‍ നിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇത് മാനുഷികമായ വിഷയമാണ്. നമ്മുടെ കുട്ടികളെ ലഹരിക്കടിമയാക്കുന്ന ഈ സംഘത്തിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2