തിരുവനന്തപുരം: യു.ഡി.എഫിന് തലവേദനയായി കേരളകോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാകുന്നു.ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിനെതിരെ കടുത്ത നിലപാടുമായി ജോസഫ് വിഭാഗം രംഗത്തെത്തി. ജോസ് കെ.മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവന്നാല്‍ യു.ഡി.എഫ് വിടുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ബെന്നി ബഹന്നാന്‍ എന്നിവരെ അറിയിച്ചതായും പി.ജെ.ജോസഫ് പറഞ്ഞു. ജോസ് കെ.മാണിയുമായി യു.ഡി.എഫില്‍ ഒരുമിച്ച്‌ പോകാനാവില്ലെന്നും യു.ഡി.എഫിനെ വഞ്ചിച്ച വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു. തീരുമാനത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജോസ് കെ മാണിക്ക് ചെയര്‍മാന്‍ എന്ന് കാണിച്ചു ഒരു കത്ത് പുറപ്പെടുവിക്കാന്‍ ആവുമോയെന്നും പി.ജെ.ജോസഫ് ചോദിച്ചു. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി മരവിപ്പിച്ച ഇടുക്കി സബ് കോടതി വിധി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് കോടതി അലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കോടതി വിധി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിട്ടില്ലെന്നും നിലവില്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ താന്‍ തന്നെയാണെന്നും പി.ജെ.ജോസഫ് അവകാശപ്പെട്ടു.

ജോസ്.കെ.മാണിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാനായി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം തര്‍ക്കത്തിലേക്ക് കടക്കുന്നില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ചിഹ്നത്തിന്റെ കാര്യം മാത്രമാണ് പറഞ്ഞത്, അതില്‍ റിട്ട് ഹര്‍ജി നല്‍കുമെന്നും ഒപ്പം ജോസ് കെ മാണിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കാര്യങ്ങള്‍ ശരിക്കും പഠിച്ചിട്ടില്ലെന്നും പി.ജെ.ജോസഫ് കുറ്റപ്പെടുത്തി. ജോസ്.കെ.മാണിക്ക് യൂ.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് ബെന്നി ബെഹനാന്‍ പറഞ്ഞത്. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിക്കെതിരെ അടുത്ത ആഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ജോസഫ് വിഭാഗം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2