ട്രാക്ടര്‍ ചിഹ്നം പോരാടി നേടിയതോടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് ഇരട്ടി വേഗം കൈവന്നു. ചങ്ങനാശ്ശേരിയില്‍ ഉടലെടുത്ത ചിഹ്ന തര്‍ക്കം പരിഹരിക്കപ്പെട്ടതോടെ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ട്രാക്ടര്‍ തെരഞ്ഞെടുപ്പ് ചിഹ്നമാകുകയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ 10 സ്ഥാനാര്‍ത്ഥികളും ട്രാക്ടര്‍ ചിഹ്നത്തില്‍ മല്‍സരിക്കുമെന്നും വമ്പിച്ച വിജയം നേടുമെന്നും പിജെ ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് മല്‍സരിക്കുന്ന 10 മണ്ഡലങ്ങളിലും ട്രാക്ടറിലേറിയാണ് ചെയര്‍മാന്‍ പിജെ ജോസഫെത്തുക. കോവിഡ് മുക്തനായി തൊടുപുഴയില്‍ പിജെ ജോസഫ് സജീവമായി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇറങ്ങി കഴിഞ്ഞു. ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ് എന്ന വിശേഷണം പിജെയ്ക്കും കൂട്ടര്‍ക്കും കിട്ടിയെങ്കിലും ഈ തെരഞ്ഞെടുപ്പ് അത്രത്തോളം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലനില്‍പ്പിനും ഭാവിക്കും പ്രാധാന്യം നിറഞ്ഞതാണ്. മികച്ച വിജയത്തില്‍ കുറഞ്ഞൊന്നും ജോസഫിനേയും കൂട്ടരേയും തൃപ്തരാക്കില്ല.

കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് നേരിട്ട അപമാനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ജോസഫ് പക്ഷത്തിന് ഈ തെരഞ്ഞെടുപ്പിലൂടെ നല്‍കാനുള്ളത്. ഡല്‍ഹിയില്‍ അണയാതെ കത്തുന്ന കര്‍ഷക സമരത്തിനിടയില്‍ ഈ ട്രാക്ടര്‍ ചിഹ്നത്തിന് പ്രസക്തിയേറെയാണെന്ന് പിജെ ജോസഫ് പറയുന്നു. കര്‍ഷക വികാരം യുഡിഎഫിന് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

കേരള കോണ്‍ഗ്രസിന്റെ 10 സ്ഥാനാര്‍ത്ഥികളും കര്‍ഷകരുടെ പ്രിയപ്പെട്ട ട്രാക്ടര്‍ ചിഹ്നത്തില്‍ മല്‍സര രംഗത്ത് നില്‍ക്കുമ്പോള്‍ കര്‍ഷക വികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് പിജെ ജോസഫ്. തെരഞ്ഞെടുപ്പില്‍ എതിരാളികളെ ഉഴുത് മറിച്ച് വിജയം കയ്യാളി പി ജെ ജോസഫിനും കൂട്ടര്‍ക്കും ചിലരോട് മധുരപ്രതികാരം ചെയ്യാനുണ്ട്. ഒത്തൊരുമിച്ച് അതിനായുള്ള ശ്രമത്തിലാണ് കേരള കോണ്‍ഗ്രസ്. യുഡിഎഫിന് അനുകൂലമായി കാറ്റ് വീശുമെന്നാണ് പ്രചാരണത്തിന് ഇറങ്ങിയ പ്രവര്‍ത്തകരുടെ വിലയിരുത്തലും. 10 മണ്ഡലങ്ങളിലും വിജയക്കുറിയോടെ ട്രാക്ടറോടുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2