നെടുങ്കണ്ടം: കുട്ടികളുടെ അശ്ലീല വിഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷന്‍ പി ഹണ്ടില്‍ പൊലീസ് പ്രതിയാക്കിയ യുവാവിന്റെ മാതാവ് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് വീട്ടില്‍ എത്തി പരിശോധന നടത്തുകയും യുവാവിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അസ്വസ്ഥതയിലായിരുന്ന മാതാവാണ് കഴിഞ്ഞ ദിവസം രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി ഞായറാഴ്ച ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് നെടുങ്കണ്ടത്തെ യുവാവിന്റെ വീട്ടിലും പരിശോധന നടത്തിയത്. ആരോപണ വിധേയനായ യുവാവിന്റെ വീട്ടില്‍ ശനിയാഴ്ച പൊലീസ് പോയിരുന്നു. ഞായറാഴ്ച രാവിലെ രണ്ട് വാഹനങ്ങളില്‍ പൊലീസ് സംഘം വീണ്ടും ചെന്നു. യുവാവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ സംഭവത്തിനു ശേഷം അസ്വസ്ഥതയിലായിരുന്ന മാതാവ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായി മരിച്ചു. പൊലീസ് ഫോണ്‍ അനാവശ്യമായി കസ്റ്റഡിയില്‍ എടുത്തെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെക്കുറിച്ച്‌ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉന്നത നിര്‍ദേശത്തെത്തുടര്‍ന്നാണു പരിശോധന നടന്നതെന്നാണു പൊലീസിന്റെ വിശദീകരണം.