തിരുവല്ല: കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഞ്ഞുകോശി പോളിനായി വോട്ട് അഭ്യര്‍ത്ഥിച്ച് ഉമ്മന്‍ചാണ്ടി തിരുവല്ലയില്‍. കുഞ്ഞുകോശി പോളിന്റെ പ്രചരണത്തിന് കൊഴുപ്പേകി കോണ്‍ഗ്രസിന്റെ ജനകീയമുഖമായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റോഡ് ഷോ നടത്തി. മണ്ഡലത്തില്‍ അങ്ങോളം ഇങ്ങോളം വോട്ട് അഭ്യര്‍ത്ഥിച്ച് ഉമ്മന്‍ചാണ്ടിയെത്തിയത് പ്രചരണത്തിന് ആവേശമായി. അഞ്ചില്‍ അഞ്ച് മണ്ഡലവും ചുവന്ന പത്തനംതിട്ട ജില്ലയെ കൈപ്പിടിയിലൊതുക്കാന്‍ എല്ലാ ആയുധങ്ങളുമിറക്കിയാണ് യുഡിഎഫ് പ്രചരണം.

കൈമോശം വന്നുപോയ തിരുവല്ലയെ കേരള കോണ്‍ഗ്രസിലൂടെ തിരിച്ചെടുക്കാനുള്ള എല്ലാ പ്രയത്‌നവും കോണ്‍ഗ്രസും യുഡിഎഫും നടത്തുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ കാലുവാരുന്നത് കൊണ്ടാണ് പലപ്പോഴും തിരുവല്ലയില്‍ യുഡിഎഫ് വീഴുന്നതെന്ന ആക്ഷേപം കാലാകാലങ്ങളായി ഉള്ളതാണ്. അതിനാല്‍ ഇക്കുറി കോണ്‍ഗ്രസ് തങ്ങളുടെ മുതിര്‍ന്ന നേതാവിനെ ഇറക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. മുന്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറായ പിജെ കുര്യനാണ് മണ്ഡലത്തിന്റെ മേല്‍നോട്ടം. നേരത്തെ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ പിജെ കുര്യന്‍ താല്‍പര്യം കാണിച്ചിരുന്നെങ്കിലും ജോസഫ് പക്ഷം ഉറച്ച് നിന്നതോടെ പിന്‍വാങ്ങുകയായിരുന്നു.

രാഷ്ട്രീയ വിമര്‍ശകര്‍ ഇക്കാര്യത്തില്‍ അപവാദങ്ങള്‍ ഉയര്‍ത്താതിരിക്കാന്‍ കൂടിയാണ് പിജെ കുര്യനെ തന്നെ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയത്. എങ്ങനേയും ഒറ്റക്കെട്ടായി നിന്ന് തിരുവല്ല തിരിച്ചു പിടിക്കുക എന്നതിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്. അണിയറയിലെ കോണ്‍ഗ്രസ് നീക്കങ്ങളെല്ലാം യുഡിഎഫ് വോട്ടുകള്‍ ചിതറാതിരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

ഉമ്മന്‍ചാണ്ടിയടക്കം പ്രമുഖ നേതാക്കള്‍ കുഞ്ഞുകോശി പോളിനായി മണ്ഡലത്തിലെത്തുന്നതും കോണ്‍ഗ്രസിന്റെ ഈ നിശ്ചയദാര്‍ഡ്യത്താലാണ്. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് കേരള കോണ്‍ഗ്രസും. അടിത്തട്ടില്‍ പ്രവര്‍ത്തന പരിചയവും ജനങ്ങളോട് നേരിട്ട് സമ്പര്‍ക്കവും പുലര്‍ത്തുന്ന കുഞ്ഞുകോശി പോളിന് തിരുവല്ലയുടെ ജാതകം തിരുത്താനാകുമെന്നാണ് വിലയിരുത്തല്‍. ഇടതുപക്ഷത്തിന്റെ മാത്യു ടി തോമസിന് അട്ടിമറിച്ച് വിജയം നേടാന്‍ ഒറ്റക്കെട്ടായി ഉറച്ച് തന്നെയാണ് യുഡിഎഫ് ക്യാമ്പ് നീങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2