സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ പൊട്ടിത്തെറികൾ പരിഹരിക്കുവാൻ ഉമ്മൻചാണ്ടി മാജിക്. പാലക്കാട് കോൺഗ്രസിൽ ഉണ്ടായ പ്രശ്നം പരിഹരിക്കുവാൻ കാരണമായത് ഉമ്മൻചാണ്ടിയുടെ ഇടപെടലാണ്. അതിൻറെ തനിയാവർത്തനമാണ് ഇന്ന് പത്തനംതിട്ടയിലും കണ്ടത്. കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ നിന്നും മത്സരിച്ച മുൻ ഡിസിസി അധ്യക്ഷൻ കൂടിയായ മോഹൻരാജ് കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

പാർട്ടി തന്നെ അവഗണിക്കുന്നതായും അവഗണന സഹിച്ചുകൊണ്ട് ഇനി കോൺഗ്രസിൽ തുടരില്ല എന്നും പരസ്യപ്രഖ്യാപനം നടത്തുകയായിരുന്നു മോഹൻരാജ്. ഇതിനുപിന്നാലെ അദ്ദേഹത്തെ കൂടെ നിർത്തുവാൻ സിപിഎമ്മും, ബിജെപിയും ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു. സിപിഎമ്മിനു വേണ്ടി സംസ്ഥാന സമിതി അംഗം അനന്തഗോപൻ മോഹൻ രാജുമായി ചർച്ച നടത്തി. ബിജെപിയുമായി ചർച്ച നടത്തുവാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചു. ഈ പൊട്ടിത്തെറിയുടെ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി നേരിട്ടെത്തി മോഹൻ രാജുമായി സംസാരിച്ചത്.

പത്തനംതിട്ട ഡിസിസി യിൽ വച്ച് ഉമ്മൻചാണ്ടിയും മോഹൻരാജും തമ്മിൽ ചർച്ച നടത്തി. ഇതോടുകൂടി അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. മോഹൻരാജ് സ്ഥാനാർത്ഥിത്വം അർഹിക്കുന്ന നേതാവാണ് എന്ന് ഉമ്മൻ ചാണ്ടി ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ ഇടപെടൽ തൻറെ തീരുമാനത്തിൽ മാറ്റം വരുത്തി എന്ന് മോഹൻരാജ് മാധ്യമങ്ങളോട് പറഞ്ഞു. നാളെ മുതൽ കോൺഗ്രസിന് വേണ്ടി സജീവമായി പ്രചാരണരംഗത്ത് ഉണ്ടാകുമെന്ന് അറിയിച്ച് മോഹൻരാജ്, കോൺഗ്രസ് വിജയിക്കുക എന്നതായിരിക്കും തന്നെ ആത്യന്തിക ലക്ഷ്യമെന്നും പ്രഖ്യാപിച്ചു.

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ സീറ്റിനെ ചൊല്ലി ആണ് ഇപ്പോഴും കോൺഗ്രസിൽ പ്രശ്നം നിലനിൽക്കുന്നത്. ഇവിടെ പ്രശ്നപരിഹാരത്തിനായി നാളെ ഉമ്മൻചാണ്ടി നേരിട്ട് എത്തുകയാണ്. മുൻ അനുഭവങ്ങൾ വച്ചു നോക്കുകയാണെങ്കിൽ നാളെ കൊണ്ട് കണ്ണൂരിലെ പ്രശ്നങ്ങൾക്കും പരിഹാരമാകും. ഉമ്മൻചാണ്ടി എന്ന സർവ്വ സ്വീകാര്യനായ നേതാവ് കോൺഗ്രസിൻറെ രക്ഷകൻ ആകുന്ന കാഴ്ചയാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ കാണാനാകുന്നത്. പ്രിൻസ് ലൂക്കോസിനെ സംരക്ഷിക്കുവാനും, ഏറ്റുമാനൂർ ഉള്ള കോൺഗ്രസ് സംവിധാനം പൂർണമായും ഒറ്റക്കെട്ടായി അദ്ദേഹത്തിനു പിന്നിൽ പ്രവർത്തിക്കുവാനുള്ള ഇടപെടൽ നടത്തിയതും ഉമ്മൻചാണ്ടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2