സംസ്ഥാന കോണ്‍ഗ്രസില്‍ ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് ആവര്‍ത്തിക്കുന്നത് കരുണാകര ചരിത്രം. കോണ്‍ഗ്രസില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ കെ. കരുണാകരന്‍. ആദ്യ കാലത്ത് കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും നേതൃത്വത്തിലുള്ള രണ്ട് പ്രബലമായ ഗ്രൂപ്പുകളായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ശക്തനായിരുന്നു അണികള്‍ ലീഡര്‍ എന്ന വിശേഷണം നല്‍കി ആദരിച്ചിരുന്ന കരുണാകരന്‍. 1992ല്‍ നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എ.കെ ആന്റണിയെ പരാജയപ്പെടുത്തി കരുണാകരന്റെ നേതൃത്വത്തിലുള്ള ‘ഐ’ ഗ്രൂപ്പ് നോമിനി വയലാര്‍ രവി വിജയിച്ചതോടെ പാര്‍ട്ടി മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ സമ്ബൂര്‍ണ ആധിപത്യത്തിലായി പാര്‍ട്ടി.

പിന്നീട് താക്കോല്‍ സ്ഥാനങ്ങള്‍ ഓരോന്നായി നഷ്ടപ്പെട്ടത്തോടെ ലീഡറുടെ പതനവും ആരംഭിച്ചു. ഐ എസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരൻ മുഖ്യമന്ത്രിപദം ഒഴിയുവാൻ നിർബന്ധിതനായി. അന്ന് എ കെ ആൻറണിയെ മുൻനിർത്തി ഘടകകക്ഷികളെ കൂട്ടുപിടിച്ച് എ ഗ്രൂപ്പിന് വേണ്ടി കരുക്കൾ നീക്കിയത് ഉമ്മൻചാണ്ടി ആയിരുന്നു. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ കരുണാകരനെ മാറ്റി ആന്റണി മുഖ്യമന്ത്രിയും പിന്നീട് പ്രതിപക്ഷ നേതാവുമായി. ആൻറണി മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചില്ലെങ്കിലും, യുഡിഎഫ് കൺവീനർ എന്ന നിലയിൽ കെഎം മാണിയും, പി കെ കുഞ്ഞാലിക്കുട്ടിയുമായി സുദൃഢമായ ബന്ധം ഊട്ടിയുറപ്പിക്കുവാൻ ഉമ്മൻചാണ്ടിക്ക് സാധിച്ചു. അങ്ങനെ ആൻറണി ഗ്രൂപ്പിലെ രണ്ടാമനായ ഉമ്മൻ ചാണ്ടി ആൻറണിയുടെ പ്രതിച്ഛായക്ക് പുറത്തുനിന്ന് സ്വതന്ത്രമായ നീക്കങ്ങൾ ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

താൻ മുഖ്യമന്ത്രിയായിരിക്കെ പാർലിമെൻറ് തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റ പശ്ചാത്തലത്തിൽ ഒരു തിരുവോണനാളിൽ എ കെ ആൻറണി അപ്രതീക്ഷിതമായി മുഖ്യമന്ത്രിപദം രാജിവെച്ചു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി നേതൃത്വത്തില്‍ എത്തിതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കരുണാകരൻ നിര്‍ദ്ദേശിച്ച ‘ഐ’ ഗ്രൂപ്പ് പ്രതിനിധികളെ വെട്ടി ‘ഐ’ ഗ്രൂപ്പില്‍ നിന്ന് മറ്റ് രണ്ട് പേരെ മന്ത്രിമാരാക്കി. ഇതോടെ കരുണാകരന്‍ ഹൈക്കമാന്‍ഡുമായി അകന്നു. 2005ല്‍ കരുണാകരനും കൂട്ടര്‍ക്കും കോണ്‍ഗ്രസ് വിട്ട് പുറത്ത് പോകേണ്ടി വന്നുവെന്നതും ചരിത്രം. കരുണാകരൻ പാർട്ടി വിട്ടപ്പോൾ രമേശ് ചെന്നിത്തലയെ കെപിസിസി അധ്യക്ഷനായി എത്തിച്ചാണ് ഉമ്മൻചാണ്ടി ഇന്നത്തെ നിലയിലെ വിശാല ഐ ഗ്രൂപ്പിന് അടിത്തറ പാകിയത്. ഉമ്മൻചാണ്ടി കെഎംമാണി കുഞ്ഞാലിക്കുട്ടി സഖ്യം യുഡിഎഫിനെ പൂർണമായും നിയന്ത്രിച്ച നാളുകളായിരുന്നു പിന്നീടുള്ള ഒരൂ പതിറ്റാണ്ട് കാലം. എ കെ ആൻറണി പോലും കേരള രാഷ്ട്രീയത്തിൽ അപ്രസക്തനായത് ഈ കാലഘട്ടത്തിലാണ്. ആൻറണി ഗ്രൂപ്പ് പൂർണമായും ഉമ്മൻചാണ്ടി ഗ്രൂപ്പ് എന്ന നിലയിലേക്ക് പരിണമിക്കുകയും ചെയ്തു.

അടുത്ത കാലം വരെ കോണ്‍ഗ്രസില്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാക്കളായിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമാനമായ സാഹചര്യമാണ് ഇപ്പോള്‍ നേരിടുന്നത്. തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണിക്ക് കേരളത്തിൽ വിജയം ഉണ്ടായതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിൽ പിടിമുറുക്കുന്നത്. ഇതിനിടയിൽ പ്രായാധിക്യവും ഉമ്മൻചാണ്ടിയെ തളർത്തി. കെഎം മാണിയുടെ അഭാവവും, മുസ്ലിം ലീഗിനുള്ളിൽ തന്നെ പികെ കുഞ്ഞാലിക്കുട്ടിയുടെ പതനവും ഒരു പരിധിവരെ അദ്ദേഹത്തെ നിരായുധൻ ആക്കി. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരുന്നിട്ടും പാർട്ടിയെയും മുന്നണിയെയും വിജയിപ്പിക്കാൻ ആവാത്ത രമേശ് ചെന്നിത്തലയും അതീവ ദുർബലനായി. കെ സി വേണുഗോപാലും, വി ഡി സതീശനും, കെ സുധാകരനും കെ മുരളീധരനും ഒന്നുമില്ലാത്ത വിശാല ഐ ഗ്രൂപ്പ് ഒരു ഗ്രൂപ്പേ അല്ലാതായി മാറി.

കരുണാകരനോടും, എകെ ആൻറണിയോടും ഉമ്മൻ ചാണ്ടി സ്വീകരിച്ച ശൈലി തന്നെയാണ് ഇപ്പോഴത്തെ നേതൃത്വം ഉമ്മൻചാണ്ടിയോടും സ്വീകരിക്കുന്നത്. പാർട്ടിക്കുള്ളിലെ എതിരാളികൾ ഉയർത്തുന്ന വിമർശനങ്ങളോട് പ്രതികരിക്കാതിരിക്കുക, അത് ഗൗനിക്കാതെ മുന്നോട്ടു പോവുക എന്നാൽ ഉമ്മൻചാണ്ടി ശൈലിയാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ സുധാകരൻ സതീശൻ അച്ചുതണ്ടും സ്വീകരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളില്‍ ആദ്യഘട്ടത്തില്‍ ഉണ്ടാകുന്ന ചര്‍ച്ചകള്‍ പിന്നീട് ഉണ്ടാകാന്‍ ഇടയില്ലെന്നതും ചരിത്രമാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ വാട്ടര്‍ലൂ ആയി പരിണമിക്കാനാണ് സാദ്ധ്യത. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തലയെ നിലനിര്‍ത്തുന്നതിന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ ശ്രമിച്ചിട്ടും വിജയിക്കാതിരുന്നത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയം. കോണ്‍ഗ്രസില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, കെ.പി.സി.സി പ്രസിഡന്റ് എന്നീ താക്കോല്‍ സ്ഥാനങ്ങളില്‍ എത്തുന്ന നേതാക്കള്‍ ശക്തരാണെങ്കില്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് മുഖ്യപരിഗണന നല്‍കും. ഇതാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ശക്തിപകരുന്നത്.

പാർട്ടി പിളർത്തുക എന്ന് മണ്ടത്തരം ഉമ്മൻചാണ്ടി കാണിക്കാൻ ഇടയില്ല. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. പക്ഷേ കോൺഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ് ഏതു വിധമാണ് നടക്കുന്നത് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അണികളുടെ പിന്തുണയും പഴയതുപോലെ അദ്ദേഹത്തിന് ലഭിക്കാനിടയില്ല. വിശ്വസ്തരായ സംഘാടകർ പലരും അദ്ദേഹത്തെ ഇതിനകം കൈവിട്ടു കഴിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുതൽ ടി സിദ്ദീഖ്, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ ഗ്രൂപ്പിൽ നിന്ന് അകന്നു നിൽക്കുകയാണ്. കോട്ടയത്ത് പോലും പഴയതുപോലെ കാര്യങ്ങൾ ഭദ്രമല്ല. അതുകൊണ്ടുതന്നെ കാലത്തിൻറെ ചുവരെഴുത്തിന് ഉമ്മൻചാണ്ടിയും വിധേയനാകും എന്ന് തന്നെയാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. തലമുറ മാറ്റം അംഗീകരിക്കുക, പാർട്ടിയുടെ ഉന്നതനായ മാർഗദർശി എന്ന രീതിയിൽ മരണംവരെ തുടരുക എന്നത് മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ള ഏക പോംവഴി എന്ന് വിശ്വസിക്കുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരിൽ കൂടുതലും. തൻറെ കാലശേഷം പുതുപ്പള്ളിയിലെ ജനപ്രതിനിധിയായി സ്വന്തം മകനെ പ്രതിഷ്ഠിക്കുവാൻ സാധിക്കുമോ എന്നതു മാത്രമാവും ഉമ്മൻചാണ്ടിക്ക് ഇനി കോൺഗ്രസ് രാഷ്ട്രീയത്തിൽ നേടാനുള്ള ഏക വിജയം എന്നും വിലയിരുത്തലുകൾ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക