തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കാന്‍ പാടുപെട്ട ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് പിടിപെട്ടാലുളള അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹവുമായി അടുപ്പമുളളവര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ആരോ പറഞ്ഞതു പോലെ ആള്‍ക്കൂട്ടമില്ലാത്ത ഉമ്മന്‍ ചാണ്ടിയെന്നാല്‍ വെളളത്തില്‍ നിന്ന് കരയിലേക്ക് പിടിച്ചിട്ട മീനിന്റെ അവസ്ഥയാണ്.
2011ലെ തിരഞ്ഞെടുപ്പ് കാലത്ത് പനി പിടിപ്പെട്ട് ആശുപത്രിയില്‍ ആയപ്പോള്‍ ട്രിപ്പ് വരെ വലിച്ചൂരിയെറിഞ്ഞ് മുറിയില്‍ നിന്ന് ചാടി കടക്കാന്‍ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം. കൊവിഡ് മൂലം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആശുപത്രി മുറിയ്ക്കുളളില്‍ ഉമ്മന്‍ ചാണ്ടി കഴിയുമ്ബോള്‍ അത് ആറ് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അസാധാരണ സംഭവമെന്ന് തന്നെ പറയാം.
ആവേശം പാരമ്യത്തിലെത്തിയ ഈ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ ശാരീരിക ബുദ്ധിമുട്ടുകളൊന്നും പരിഗണിക്കാതെ തെക്ക് മുതല്‍ വടക്ക് വരെ ഓടി നടന്നാണ് ഉമ്മന്‍ ചാണ്ടി യു ഡി എഫിന്റെ പ്രചാരണം നയിച്ചത്. ഇന്നലെ രാത്രിയോടെ കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
‘അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല.. എല്ലാം നോര്‍മലാണ്’എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രക്ത പരിശോധനയ്ക്കടക്കം അദ്ദേഹത്തെ വിധേയനാക്കി. ഓക്സിജന്‍ ലെവല്‍ 97 ആണ്. ഹൃദയസംബന്ധമായ പരിശോധനകളടക്കം നടത്തി. അഞ്ച് ദിവസമായി പനി ഉണ്ടായിരുന്നെങ്കിലും ശരീരഭാരം വര്‍ദ്ധിച്ചിട്ടുണ്ട്.
രാവും പകലുമില്ലാതെ ഓടിയ വ്യക്തി മുറിയ്ക്കുളളില്‍ വിശ്രമിച്ചോളുമല്ലോ എന്നാണ് വീട്ടുകാര്‍ പറയുന്നത്. അപ്പയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്തതിന്റെ അസ്വസ്ഥത രാവിലെ പത്രങ്ങളെല്ലാം വായിച്ചാണ് തീര്‍ത്തതെന്ന് മകന് ചാണ്ടി ഉമ്മന്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു. ടി വി എഴുന്നേറ്റ് നിന്നാണ് കണ്ടത്. രാവിലെ ദോശയാണ് കഴിച്ചത്. ആഹാരം കഴിച്ച ശേഷം അല്‍പ്പം മയക്കത്തിലാണെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.
പകല്‍ ഉറക്കമില്ലാത്ത ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് ആശുപത്രി കിടക്കയിലാണെങ്കിലും ഉറങ്ങാന്‍ കിട്ടുന്ന അവസരം ഒരു അപൂര്‍വ്വത തന്നെയാണ്. അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കാര്‍ക്കും കൊവിഡ് ലക്ഷണങ്ങളില്ല. ഉമ്മന്‍ ചാണ്ടി ആരോഗ്യവാനാണെന്ന വാര്‍ത്ത അദ്ദേഹത്തിന് വേണ്ടി ഇന്നലെ മുതല്‍ പ്രാര്‍ത്ഥിക്കുന്ന പ്രവര്‍ത്തകര്‍ക്കടക്കം സന്തോഷം നല്കുന്ന കാര്യമാണ്.