കൊച്ചി: ഹണിട്രാപ്പ് കെണികളുമായി ഫേസ്‌ബുക്കില്‍ ക്രിമിനല്‍ സംഘങ്ങള്‍ സജീവമാണെന്ന വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. മെസഞ്‌ജറിലൂടെ വീഡിയോ കോള്‍ ചെയ്‌ത് വലയില്‍ വീഴ്‌ത്തി പണം തട്ടുന്നതായിരുന്നു അവരുടെ തട്ടിപ്പ് രീതി. എന്നാല്‍ ഇപ്പോള്‍ വാട്‌സാപ്പ് വഴിയും ഇത്തരം സംഘങ്ങള്‍ സജീവമാകുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 25 പരാതികളാണ് എറണാകുളം റൂറല്‍ പരിധിയില്‍ ഇത്തരത്തില്‍ ലഭിച്ചത്. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള‌ളവരെയാണ് ഇത്തരക്കാര്‍ എളുപ്പത്തില്‍ പിടികൂടുന്നത്.

പഴയ പരിചയക്കാരെന്ന ഭാവത്തില്‍ സൗഹൃദം സ്ഥാപിക്കും. സ്‌കൂളിലോ കോളേജിലോ ഒന്നിച്ച്‌ പഠിച്ചതാണെന്ന് പറയും.സംസാരിച്ച്‌ വീഴ്‌ത്തിക്കഴിഞ്ഞാല്‍ പിന്നെ വാട്‌സാപ്പ് വീഡിയോകോള്‍ വഴി സംസാരിക്കാം എന്ന് ആവശ്യപ്പെടും. ഈ വലയില്‍ വീഴുന്നവര്‍ക്ക് നേരെ ലൈംഗിക ചുവയില്‍ സംസാരിച്ച്‌ അവരോട് നഗ്നത പ്ര‌ദര്‍ശിപ്പിക്കാന്‍ പറയും. ഇതില്‍ വീഴുന്നവരെ പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി ബ്ളാക്‌മെയില്‍ ചെയ്യും. ഇനി അഥവാ ഇതിലൊന്നും വീണുപോകാത്തവരാണെങ്കില്‍ ഇവര്‍ക്ക് നേരെ മുന്‍ ക്യാമറ രഹസ്യമായി ഓണ്‍ചെയ്‌ത് സെക്‌സ് വീഡിയോ കാട്ടും. പിന്നെ അതിന്റെ ചിത്രമോ വീഡിയോയോ റെക്കാഡ് ചെയ്‌ത് പ്രദര്‍ശിപ്പിക്കും. ഇത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കാന്‍ പോകുന്നതായി ഭീഷണിപ്പെടുത്തി പണം തട്ടും.

മുന്‍പ് ഇത്തരം കേസുകളില്‍ പ്രതികളായിരുന്നത് വടക്കേ ഇന്ത്യക്കാരായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്തരം ചതിയുടെ പിന്നില്‍ മലയാളികള്‍ തന്നെയാണ്. ഫേസ്‌ബുക്കിലൂടെ അപരിചിതരായ ആളുകള്‍ ഫോണ്‍ ചെയ്‌ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന തട്ടിപ്പ് വര്‍‌ദ്ധിച്ചതോടെ പൊലീസ് ഇവയ്‌ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ പഴയ സുഹൃത്തുക്കളെന്ന ഭാവേന വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ച്‌ വീഴ്‌ത്തുന്ന പുതിയ തട്ടിപ്പ് രീതിയാണ് ഇപ്പോള്‍ സംഘങ്ങള്‍ പിന്തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2