ലക്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലീം വയോധികന് നേരെ ക്രൂര അതിക്രമം. മര്‍ദ്ദനത്തിന് പുറമെ താടി മുറിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ആരോപണം. ബുലന്ദ്ഷഹര്‍ സ്വദേശിയായ അബ്ദുള്‍ സമദ് എന്ന വയോധികനാണ് ഒരു സംഘം ആളുകളുടെ അതിക്രമങ്ങള്‍ക്കിരയായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്ന സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പാകിസ്ഥാന്‍ ചാരന്‍ എന്ന് ആരോപിച്ചു കൊണ്ടായിരുന്നു മര്‍ദനം എന്നാണ് പറയപ്പെടുന്നത്. കമ്പുകളും മറ്റും ഉപയോഗിച്ചുള്ള മര്‍ദനത്തിന് പുറമെ ഒരു കത്തി ഉപയോഗിച്ച്‌ ഇയാളുടെ താടിയും മുറിച്ചു കളഞ്ഞുവെന്നാണ് ആരോപണം. ജൂണ്‍ അഞ്ചിന് രാത്രിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന സമദിനെ തട്ടിക്കൊണ്ടു പോയി സമീപത്തുള്ള വനപ്രദേശത്തെ ഒരു മുറിയിലെത്തിച്ചു. ഇവിടെ വച്ചായിരുന്നു അതിക്രമം.

‘ജയ് ശ്രീറാം’, ‘വന്ദേമാതരം’ വിളികള്‍ മുഴക്കിയ അക്രമികള്‍ സമദിനോടും ഇത് പറയാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ കരണത്തടിക്കുന്നതും തടിക്കഷണം ഉപയോഗിച്ച്‌ മര്‍ദ്ദിക്കുകയും ചെയ്തു. തന്‍റെ വിശ്വാസത്തിന്‍റെ പേരിലാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്നാണ് സമദ് ആരോപിക്കുന്നത്. തന്‍റെ മൊബൈല്‍ ഫോണും ആക്രമികള്‍ തട്ടിയെടുത്തെന്നും ഇയാള്‍ പറയുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ താന്‍ നേരിടേണ്ടി വന്ന അക്രമങ്ങള്‍ വിവരിച്ച്‌ കൊണ്ട് അബ്ദുള്‍ സമദും ഒരു വീഡിയോ പുറത്ത് വിട്ടു. ‘അവര്‍ എന്നെ തൊഴിക്കുകയും അടിക്കുകയും ചെയ്തു. ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. തലയ്ക്ക് നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് പറഞ്ഞു. മണിക്കൂറുകളോളം ക്രൂരമായി മര്‍ദിച്ചു’ വീഡിയോ സന്ദേശത്തില്‍ കരഞ്ഞു കൊണ്ട് സമദ് വിവരിക്കുന്നു.

അതേസമയം വയോധികന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മുഖ്യപ്രതിയായ പര്‍വേശ് ഗുജ്ജാര്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമി സംഘത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തെന്നും മറ്റ് പ്രതികളെയും ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നുമാണ് ലോനി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അതുല്‍ കുമാര്‍ അറിയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക