തിരുവനന്തപുരം : രാജിവച്ചൊഴിയാതെ പദവിയില്‍ കടിച്ചുതൂങ്ങാന്‍ ശ്രമം തുടരുന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. മുല്ലപ്പള്ളി രാജിവച്ചില്ലെങ്കില്‍ ഇന്ദിരാ ഭവനു മുമ്പിൽ ധര്‍ണയിരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ഒരുങ്ങുന്നുവെന്നാണ് സൂചന.
രാജിയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് ഹൈക്കമാന്റ് തന്നെ മുല്ലപ്പള്ളിയോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ കെപിസിസി നിര്‍വ്വാഹക സമിതി വിളിച്ചുകൂട്ടി ക്ഷമാപണവും വിശദീകരണവുമൊക്കെ നടത്തി പിടിച്ചുനില്‍ക്കാനുള്ള തന്ത്രമാണ് മുല്ലപ്പള്ളി പയറ്റുന്നത്.
നിര്‍വ്വാഹക സമിതി യോഗത്തില്‍ അനാരോഗ്യം മൂലം വീട്ടില്‍ വിശ്രമിക്കുന്ന പഴയ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച്‌ തനിക്കുവേണ്ടി സംസാരിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. നിര്‍വ്വാഹക സമിതിക്കു മുമ്പ് രാജി ഒഴിവാക്കാന്‍ മുല്ലപ്പള്ളി ഡെല്‍ഹിയിലുള്ള ചില നേതാക്കളുടെ പിന്തുണ തേടിയെങ്കിലും അവരും കൈയ്യൊഴിഞ്ഞു.
തെരഞ്ഞെടുപ്പ് രംഗത്ത് കെപിസിസിയുടെ കോ-ഓര്‍ഡിനേഷന്‍ തീരെ ഉണ്ടായില്ലെന്ന വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 9 വരെ മുല്ലപ്പള്ളി എവിടെയായിരുന്നെന്നെ ചോദ്യവും സഹഭാരവാഹികള്‍ ഉയര്‍ത്തുന്നു. 30 ന് ഓഫീസില്‍നിന്നു പോയ പ്രസിഡന്‍റ് തിരികെയെത്തുന്നത് 9 -നാണ്. ഇതിനിടയില്‍ നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പോലും പ്രസിഡന്‍റിനെ ഫോണില്‍ പോലും കിട്ടാത്തതായിരുന്നു അവസ്ഥ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2