ഇടുക്കി: എല്ലാ കാലത്തും യുഡിഎഫിനെ ഉള്ളം കൈയ്യില്‍ താലോലിച്ച മണ്ഡലമാണ് ഇടുക്കി. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്ത ഇടുക്കി ജില്ലയില്‍ ഇക്കുറി ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നത് ഇടുക്കി മണ്ഡലത്തിലാണ്. മല്‍സരം കേരള കോണ്‍ഗ്രസുകാര്‍ തമ്മില്‍ നേര്‍ക്ക് നേര്. യുഡിഎഫിനെ എന്നും പിന്തുണച്ച മണ്ഡലത്തില്‍ യുഡിഎഫ് ക്യാമ്പില്‍ നിന്നും പോരിനിറങ്ങുന്നത് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്ത് നിന്നും അഡ്വക്കേറ്റ് ഫ്രാന്‍സിസ് ജോര്‍ജ്ജാണ്. രണ്ട് തവണ ഇടുക്കി ലോകസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചുകയറിയ ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഇക്കുറി ഇടുക്കിയിലെ നിയമസഭാ മണ്ഡലത്തിലേത് അഭിമാന പോരാട്ടമാണ്. ജോസ് കെ മാണിയുടെ നയങ്ങളിലുള്ള എതിര്‍പ്പില്‍ കേരള കോണ്‍ഗ്രസ് എം വിട്ട ഫ്രാന്‍സിസ് ജോര്‍ജ്ജ് അതേ ജോസ് വിഭാഗത്തിനെതിരെയാണ് നേര്‍ക്ക് നേര് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ഇടത് പക്ഷത്തിനായി മല്‍സരിക്കുന്നത് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്ത് നിന്നും റോഷി അഗസ്റ്റിനാണ്. യുഡിഎഫ് പക്ഷത്ത് നിന്ന് മല്‍സരിച്ച് നാല് തവണ ഇടുക്കി എംഎല്‍എയായ റോഷി അഗസ്റ്റിന് ഇക്കുറി ഇടത് പാളയത്തില്‍ നിന്ന് കന്നിയങ്കത്തിനിറങ്ങുകയാണെന്നതും പ്രത്യേകതയാണ്.
കഴിഞ്ഞ കുറി ഇടത് പക്ഷത്ത് നിന്നും ജനാധിപത്യ കേരള കോണ്‍ഗ്രസിന് വേണ്ടിയാണ് ഫ്രാന്‍സിസ് ജോര്‍ജ് മല്‍സരിച്ചത്. 2016ലെ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ പിന്തുണച്ച മണ്ഡലത്തില്‍ ഇക്കുറി പരാജയത്തെ വിജയമാക്കാന്‍ യുഡിഎഫ് ക്യാമ്പില്‍ നിന്നാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വരവ്. പതിവായി ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുന്ന ഇടുക്കി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള മല്‍സരം എങ്ങനെ വഴിമാറുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. യുഡിഎഫ് വോട്ട് വാങ്ങി 2001 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിയന് ഇടത് പക്ഷത്ത് നിന്നും മല്‍സരിക്കുന്നത് ഇടുക്കിയിലെ വോട്ടര്‍മാര്‍ എങ്ങനെ നോക്കികാണുമെന്നത് നിര്‍ണായകമാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ബിജെപി ശക്തമായ മല്‍സരം കാഴ്ചവെച്ചതും വെല്ലുവിളിയാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ ഇടതുപക്ഷം നേടിയ മേല്‍ക്കൈ ഇല്ലാതാക്കി നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഫ്രാന്‍സിസ് ജോര്‍ജ്ജും അണികളും ഇടുക്കിയില്‍ ശക്തമായ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ വന്‍ വിജയം നേടാനായതും യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം വളര്‍ത്തുന്നു. 1999ലേയും 2004ലേയും ലോക്സഭാ വിജയങ്ങള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഇടുക്കിയില്‍ ആവര്‍ത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.