രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സമയക്രമം ഒന്നും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം, മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കായി ഏതാനും ക്ലാസുകള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആരംഭിക്കാനുള്ള സാധ്യതകള്‍ ആരായുകയാണെന്നും എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.ഒരു കേന്ദ്രഭരണപ്രദേശം ഒഴികെ മറ്റാരും സ്കൂള്‍ തുറക്കുന്നതിന് അനുകൂലമല്ല.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനു സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ക്ലാസുകള്‍ ആരംഭിക്കാനുള്ള സാധ്യത ആരായുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുക മാത്രമേ ചെയ്യൂ. ഓരോ ജില്ലയിലെയും കോവിഡ് സാഹചര്യമനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനമെടുക്കാം-വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മാര്‍ച്ച് മധ്യത്തോടെ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ സ്കൂളുകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. അതിന് ശേഷം കൊവിഡുമൂലം ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും കേന്ദ്രം എടുത്ത് കളഞ്ഞെങ്കിലും സ്കൂളുകള്‍ക്ക് ഇളവ് നല്‍കിയിട്ടില്ല.അതേ സമയം കേന്ദ്രം ഇപ്പോഴത്തെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സ്കൂള്‍ സിലബസ് ഒന്‍പത് മുതല്‍ 12വരെയുള്ള ക്ലാസില്‍ 30 ശതമാനം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഒപ്പം ഓണ്‍ലൈന്‍ ക്ലാസുകളെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.