സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ഇല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്യഭൂമി ന്യൂസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഈ വര്‍ഷം ജനുവരിയിലാണ് സോളാര്‍ പീഡന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുക. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 2018 ലാണ് സോളാര്‍ പീഡന കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്ലിഫ് ഹൗസില്‍വെച്ച്‌ 2012 സെപ്തംബര്‍ 19 ന് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കൃത്യം നടന്നുവെന്ന് പറയുന്ന സമയത്ത് ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു പൊലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2