തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ വരും. തോറ്റാലും ജയിച്ചാലും അഞ്ചു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കുമെന്നാണ് വിവരം. ഉമ്മന്‍ചാണ്ടിക്ക് മാത്രമാകും ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയെന്നും മറ്റുള്ള എല്ലാ നേതാക്കള്‍ക്കും നിബന്ധന ബാധകമാകുമെന്ന് മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ അറിയിച്ചു. ഇതോടെ കെ.സി.ജോസഫ് അടക്കമുള്ളവര്‍ മാറി നില്‍ക്കേണ്ടി വരും.
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്നത്തോടെ അവസാനിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ മാത്രമാണ് നിലവില്‍ അന്തിമമാക്കാനുള്ളൂ. 20 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവണം. 40 വയസ്സില്‍ താഴെയുള്ളവരായിരിക്കണം 50 ശതമാനം സ്ഥാനാര്‍ത്ഥികളെന്നതും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമാണ്.
പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ വിട്ടുനല്‍കാമെന്നും പകരം സീറ്റ് വേണ്ടെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി. വൈകീട്ട് ചേരുന്ന യുഡിഎഫ് യോഗത്തോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ശ്രമം. പൂഞ്ഞാറോ- കാഞ്ഞിരപ്പള്ളിയോ വേണമെന്ന കോണ്‍ഗ്രസ് ആവശ്യം ജോസഫ് അംഗീകരിച്ചു. സീറ്റ് നല്കിയാല് പകരം മറ്റെവിടെയെങ്കിലും സീറ്റ് എന്ന നിലപാടില്‍ നിന്നും ജോസഫ് പിന്നോട്ട് പോയി. രണ്ടിലേത് വേണമെന്ന് കോണ്‍ഗ്രസ്സിന് തീരുമാനിക്കാമെന്നാണ് ജോസഫ് പക്ഷത്തിന്റെ ഒത്ത് തീര്‍പ്പ് നിര്‍ദ്ദേശം.