സ്വന്തം ലേഖകൻ

ഇരിങ്ങാലക്കുട: ഓട്ടിസം ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായി കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ (നിപ്മര്‍) ആഭിമുഖ്യത്തില്‍ ഈ മാസം 10, 11 തീയതികളില്‍ ഓട്ടിസം ബോധവല്‍കരണ പരിപാടി ‘സ്‌പെക്ട്രം 2021’ സംഘടിപ്പിക്കുന്നു.

വെബിനാറുകള്‍, പ്രദര്‍ശനബോധന പരിപാടികള്‍, മത്സരങ്ങള്‍ എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുക. 10-ാം തീയതി രാവിലെ 10 മണിക്ക് നിപ്മര്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഭിന്നശേഷിയും ചലന വൈകല്യവുമുള്ളവരുടെ ചികിത്സയ്ക്കായി നിപ്മറില്‍ ഒരുക്കിയിട്ടുള്ള ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ നേരിട്ട് കാണുന്നതിനുള്ള അപൂര്‍വ അവസരമാണ് ഈ പ്രദര്‍ശന പരിപാടിയെന്ന് നിപ്മര്‍ അധികൃതര്‍ അറിയിച്ചു.

11-ാം തീയതി വൈകീട്ട് 3-ന് നടക്കുന്ന സമാപന ചടങ്ങില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഐഎഎസ് മുഖ്യാതിഥിയായിരിക്കും. പൂര്‍ണമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനായി 7510870111, 9288008988 എന്നീ നമ്പറുകളില്‍ രാവിലെ 9-നും വൈകീട്ട് 4-നും ഇടയില്‍ ബന്ധപ്പെടേണ്ടതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2