ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രഖ്യാപിച്ച്‌ ട്വന്റിഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ. എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു. എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍ വരെയാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്.

സര്‍വ്വേയില്‍ പങ്കെടുത്ത 42.38 ശതമാനം പേരാണ് എല്‍ഡിഎഫ് ഭരണം തന്നെയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടത്. 40.72 ശതമാനം പേര്‍ യുഡിഎഫിനെയും 16.9 ശതമാനം പേര്‍ എന്‍ഡിഎയെയും പിന്തുണച്ചു.30 ശതമാനം പേരാണ് പിണറായി വിജയനെ മുഖ്യമന്ത്രിയായി ചൂണ്ടിക്കാണിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ 22 ശതമാനം പേരും രമേശ് ചെന്നിത്തലയെ 18 ശതമാനം പേരുമാണ് പിന്തുണച്ചത്. കെകെ ശൈലജ ടീച്ചര്‍: 11 ശതമാനം, ഇ ശ്രീധരന്‍: 10 ശതമാനം, കെ സുരേന്ദ്രന്‍: 9 ശതമാനം.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം പ്രവചിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേ ഫലം. രാഷ്ട്രീയ ചരിത്രം പിണറായി വിജയന്‍ തിരുത്തുമെന്ന് തന്നെ സര്‍വേ ഫലം വ്യക്തമാക്കുന്നു. എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്ബോള്‍ യുഡിഎഫ് 59 മുതല്‍ 65 സീറ്റ് വരെ നേടി കൂടുതല്‍ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും. എന്‍ഡിഎ മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നു.

തെക്കന്‍ കേരളത്തില്‍ ഇടതുമുന്നണി 41 ശതമാനം വോട്ടോടെ 24 മുതല്‍ 26 സീറ്റ് വരെ നേടും. യുഡിഎഫിന് 12 മുതല്‍ 14 സീറ്റേ ഇവിടെ ലഭിക്കൂ. 37 ശതമാനമാണ് വോട്ട് വിഹിതം പ്രവചിച്ചിരിക്കുന്നത്.എന്‍ഡിഎക്ക് 20 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും ഒന്ന് മുതല്‍ രണ്ട് വരെ സീറ്റ് നേടാനാവുമെന്നും പ്രവചിക്കുന്നുണ്ട്.

വടക്കന്‍ കേരളത്തില്‍ വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിര്‍ത്തുമെന്നാണ് ഫലം. 43 ശതമാനം വോട്ടോടെ 32 മുതല്‍ 34 വരെ സീറ്റ് ഇടതുപക്ഷം നേടും. യുഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതല്‍ 26 വരെ സീറ്റാണ് ലഭിക്കുക. എന്‍ഡിഎ 7 സീറ്റ് വരെ നേടാം. രണ്ട് മുതല്‍ നാല് വരെ സീറ്റ് ലഭിച്ചേക്കാമെന്നും പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നു. തൃശ്ശൂര്‍ മുതല്‍ കോട്ടയം വരെയുള്ള മധ്യകേരളത്തില്‍ എല്‍ഡിഎഫിന് ഇക്കുറി 16 മുതല്‍ 18 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നാണ് ഫലം. യുഡിഎഫ് നേട്ടമുണ്ടാക്കും, 23 മുതല്‍ 25 സീറ്റ് വരെ സീറ്റ് നേടും. ഇടതുമുന്നണിക്ക് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതവും സര്‍വേ പ്രവചിക്കുന്നു.

സംസ്ഥാനത്ത് 18 മുതല്‍ 25 വയസുവരെയുള്ളവരില്‍ 41 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 35 ശതമാനം പേരുടെ പിന്തുണ എല്‍ഡിഎഫിനുമാണ്. എന്‍ഡിഎയെ പിന്തുണക്കുന്നത് 21 ശതമാനം പേര്‍. 26 മുതല്‍ 35 വയസുവരെ പ്രായക്കാരില്‍ 41 ശതമാനം പേര്‍ ഇടതുമുന്നണിയെയും 38 ശതമാനം പേര്‍ യുഡിഎഫിനെയും പിന്തുണക്കുന്നു. 19 ശതമാനം പേര്‍ എന്‍ഡിഎ അനുകൂല നിലപാടുകാരാണ്. 36 നും 50നും ഇടയില്‍ പ്രായമുള്ളവരില്‍ 40 ശതമാനം പേര്‍ എല്‍ഡിഎഫിന് ഒപ്പമാണ്. 39 ശതമാനം പേര്‍ യുഡിഎഫിന് ഒപ്പമാണ്. 17 ശതമാനം പേര്‍ എന്‍ഡിഎയ്ക്ക് ഒപ്പം. 50 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 46 ശതമാനം പേരുടെ പിന്തുണ എല്‍ഡിഎഫിനും 40 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 12 ശതമാനം പേരുടെ പിന്തുണ എന്‍ഡിഎയ്ക്കുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2