ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഒതുക്കി കോണ്‍ഗ്രസ്സില്‍ പുതിയൊരു ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന കെ സുധാകരന്‍, വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ സംഘം കെ മുരളീധരനെ കൂടെ നിര്‍ത്തുകയെന്ന തന്ത്രത്തില്‍ വിജയം കണ്ടു. മുരളീധരനെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ എന്ന പദവിയില്‍ വീണ്ടും അവരോധിക്കുകയും ഡി സി സി പ്രസിഡന്റുമാരുടെ ലിസ്റ്റുണ്ടാക്കുന്നതില്‍ മുരളീധരനുമായി ചര്‍ച്ച നടത്തുകയും ചെയ്തുകൊണ്ടാണ് മുരളീധരന്റെ പ്രീതി പിടിച്ചു പറ്റിയത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൈകാര്യം ചെയ്യുന്ന ഗ്രൂപ്പ് സമവാക്യങ്ങളെ വെല്ലുവിളിക്കാന്‍ സുധാകരന്‍ – സതീശന്‍ സഖ്യത്തിനു ധൈര്യം പകരുന്നത് രാഹുല്‍ ഗാന്ധിയാണ്. അതിനാല്‍ പരസ്യ പ്രതികരത്തിന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശ്രമിക്കില്ലെന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്.പരസ്യ പ്രതിഷേധത്തിന് തുനിഞ്ഞ വിഎം സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനും അണികൾക്കിടയിൽ നിന്ന് വലിയ രീതിയിലുള്ള അമർഷമാണ് നേരിടേണ്ടിവരുന്നത്. ഇതും ഒരു പരസ്യ പ്രതിഷേധം നടത്തുന്നതിൽനിന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയേയും പിന്തിരിപ്പിക്കുന്നു.

ഇതിനകം 11 ജില്ലകളില്‍ ഒറ്റപ്പേരുമാത്രമുള്ള ചുരുക്കപ്പട്ടികയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. തര്‍ക്കമുള്ള മൂന്നു ജില്ലയിലടക്കം സമവായമുണ്ടാക്കി പെട്ടെന്ന് പട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമം. കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍, വൈസ് പ്രസിഡന്റുമാരായ പി ടി തോമസ് , ടി സിദ്ദിഖ് എന്നിവര്‍ വിവിധ ഗ്രൂപ്പുകളില്‍ നിന്ന് പ്രത്യേക കേഡര്‍മാരെ കണ്ടെത്തിയാണ് ഡി സി സി പ്രസിഡന്റ് പദവിയിലേക്കു കൊണ്ടുവരുന്നത്. ഗ്രൂപ്പ് നോമിനികളല്ലാതെ ഈ മികച്ച അവസരം ലഭിക്കുന്നവര്‍ പുതിയ ഗ്രൂപ്പിലേക്കു കൂടുമാറുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഉമ്മൻ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ ഗ്രൂപ്പ് യോഗം വിളിച്ചാൽ അതിൽ പങ്കെടുക്കില്ല എന്ന് ഉറപ്പു വരുത്തുന്നവരെയാണ് പരമാവധി പദവികളിലേക്ക് എത്തിക്കാൻ സുധാകരൻ, സതീശൻ, കെ സി വേണുഗോപാൽ ത്രയം ലക്ഷ്യമിടുന്നത്. ബുദ്ധികേന്ദ്രമായ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് വിഡി സതീശനും, കെ സി വേണുഗോപാലും തന്നെയാണ്. കെ സുധാകരൻ ഉമ്മൻചാണ്ടിയോട് ചർച്ച നടത്തണമെന്ന്മ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിന് തടയിട്ടത് വിഡി സതീശൻ ആണ്.

വേണുഗോപാല്‍ ആഗ്രഹിക്കുന്ന തരത്തില്‍ കേരളത്തില്‍ രൂപപ്പെടുന്ന പുതിയ ഗ്രൂപ്പില്‍ ചേരാതെ കോണ്‍ഗ്രസില്‍ രക്ഷയില്ലെന്ന അവസ്ഥയുടെ പ്രഖ്യാപിക്കുന്നതു കൂടിയായിരിക്കും ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക. എന്നാല്‍ പുതിയ ഗ്രൂപ്പിന്റെ നീക്കങ്ങളെ തുറന്നെതിര്‍ക്കാനും വേണ്ടിവന്നാല്‍ സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ഗ്രൂപ്പ് മാനേജര്‍മാര്‍ താഴോട്ട് അറിയിച്ചു കഴിഞ്ഞു.

ഡിസിസി പ്രസിഡന്റുമാരില്‍ 8:6 അനുപാതമാണ് എ, ഐ ഗ്രൂപ്പുകളുടെ സമവാക്യം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് അഭിമാന ഡി സി സി കള്‍. ഐ ഗ്രൂപ്പ് പരമ്ബരാഗതമായി കൈവശം വച്ചു പോന്നിരുന്ന ഇതില്‍ കോഴിക്കോട് ഒഴികെ രണ്ടും എ തട്ടിയെടുത്തിരുന്നു. ഇത്തവണ കോഴിക്കോടും അവര്‍ക്കു പോകും. എത്ര തര്‍ക്കമുണ്ടായാലും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും ആലപ്പുഴയില്‍ ചെന്നിത്തലയും നിര്‍ദേശിക്കുന്നവരായിരുന്നു ഡി സി സി പ്രസിഡന്റുമാര്‍. ഇത്തവണ ഇവിടെയും കെ സി വേണുഗോപാല്‍ കൈയ്യടക്കുമെന്നാണു സൂചന. ഡി സി സി പ്രസിഡന്റ് പട്ടികയില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നോമിനികളെ പൂര്‍ണമായി ഒഴിവാക്കി രണ്ടു പ്രമുഖ ഗ്രൂപ്പുകളുടെ അപ്രമാദിത്വത്തിന്റെ കാലം കഴിഞ്ഞു എന്നു പ്രഖ്യാപിക്കുകയാണു മുഖ്യ ലക്ഷ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക