പാലായിലെ ഇടതുപക്ഷ ക്യാമ്പിൽ ആശയക്കുഴപ്പം അവസാനിക്കുന്നില്ല എന്ന സൂചനകൾ. സിപിഎം കേരള കോൺഗ്രസ് കൗൺസിലർമാർ നഗരസഭ കൗൺസിൽ ഹാളിനുള്ളിൽ തമ്മിൽതല്ലിയതിനു പിന്നാലെ കേരള കോൺഗ്രസിനുള്ളിൽ തന്നെ പുതിയ തർക്കം ഉടലെടുക്കുന്നതായി സൂചന. ഇത്തവണ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും 2019 ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ ജോസ് ടോം ആണ് ജോസ് കെ മാണി യുമായി നേരിട്ട് ഉരസിയത് എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും പാലായിലെ രാഷ്ട്രീയവൃത്തങ്ങളിൽ ഇപ്പോൾ ഇതാണ് ചൂടുള്ള ചർച്ച.

ജോസ് ടോം നിർവഹിച്ചു പോന്നിരുന്ന തിരഞ്ഞെടുപ്പ് ഏകോപന ചുമതലകളിൽ നിന്ന് അദ്ദേഹത്തെ മാറ്റിയെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി എന്ന നിലയിൽ ജോസ് ടോമിന് ഉണ്ടായ സാമ്പത്തിക ബാധ്യതകളെ ചൊല്ലിയുള്ള തർക്കവും, മീനച്ചിൽ പഞ്ചായത്തിലെ ജോസ് ടോം വിരുദ്ധരായ കേരള കോൺഗ്രസ് വിഭാഗത്തെ ചൊല്ലിയുള്ള അതൃപ്തിയും ആണ് തർക്കങ്ങൾക്ക് കാരണം എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി ഏറ്റവുമധികം നേട്ടമുണ്ടാക്കുമെന്നു കരുതപ്പെടുന്നത് മീനച്ചിൽ പഞ്ചായത്തിൽ നിന്നാണ്. ഇവിടെയുള്ള തലമുതിർന്ന നേതാവുമായുള്ള തർക്കങ്ങൾ വാസ്തവമാണെങ്കിൽ അത് ജോസ് കെ മാണിക്ക് കനത്ത വെല്ലുവിളിയാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2