കൊച്ചി: പാലാ സീറ്റ് ലഭിക്കാത്തതില്‍ എല്‍ഡിഎഫ് ജാഥാ ഉദ്ഘാടനവേദിയില്‍ പ്രതിഷേധമറിയിച്ച്‌ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍. പാലാ സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടവും പ്രതിഷേധവുമുണ്ട്. എന്നാലും എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കും. മാണി സി.കാപ്പന്‍ പോയതില്‍ സങ്കടമുണ്ടെന്നും പീതാംബരന്‍ വേദിയില്‍ തുറന്ന് പറഞ്ഞു.

എല്‍ഡിഎഫ് വിട്ട മാണി സി.കാപ്പന്‍ ഞായറാഴ്ച, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തിയപ്പോള്‍ പങ്കെടുത്തിരുന്നു.പാര്‍ട്ടിയായി തന്നെ യുഡിഎഫില്‍ ചേരുമെന്നും ഇപ്പോഴത്തെ പാര്‍ട്ടി സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. പ്രകടനമായെത്തിയ കാപ്പനും അനുയായികളും ഐശ്വര്യ കേരളയാത്രയ്‌ക്കൊപ്പം ചേരുകയായിരുന്നു.

എന്‍സിപിയില്‍നിന്ന് മാണി സി. കാപ്പന്‍ അടക്കം 10 പേരാണ് രാജിവച്ചത്. ‘എന്‍സിപി കേരള’ എന്ന പേരില്‍ യുഡിഎഫില്‍ ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പന്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നും കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2