സിപിഎം ജോസ് കെ മാണിക്ക് പാലാ സീറ്റ് നേരത്തെതന്നെ വാഗ്ദാനം ചെയ്തതാണ്. എന്നാൽ പൊരുതി നേടിയ പാലാ വിട്ടുകൊടുക്കാൻ മാണി സി കാപ്പൻ തയ്യാറായില്ല. പാലായുടെ രാഷ്ട്രീയം കാപ്പന് വ്യക്തമായി അറിയാം. ജോസ് കെ മാണിയോട് പൊതുസമൂഹത്തിൽ ഉള്ള എതിർപ്പാണ് തൻറെ വിജയത്തിന് കാരണമായതെന്ന് അദ്ദേഹം വ്യക്തമായി മനസ്സിലാക്കുന്നു. ഇത് ശരത് പവാറിനെ ബോധ്യപ്പെടുത്തുവാനും മാണി സി കാപ്പന് കഴിഞ്ഞിട്ടുണ്ടാവണം. അതുകൊണ്ടുതന്നെ പാലായെ സംബന്ധിച്ച് വിട്ടുവീഴ്ചയില്ല എന്ന നിലപാട് ശരദ്പവാർ കൈക്കൊള്ളുന്നു. തൻറെ സന്ദേശം വ്യക്തമായി കേരളത്തിലെ ഇടതുപക്ഷ നേതൃത്വത്തിന് കൈമാറാനാണ് ശരത് പവാർ പ്രഫുൽ പട്ടേലിനെ തന്നെ കേരളത്തിലേക്ക് അയക്കുന്നത്. നാളെയോ മറ്റന്നാളോ പട്ടേൽ കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തും.

പ്രഫുൽ പട്ടേൽ പിണറായി വിജയൻ കൂടിക്കാഴ്ച:

പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ശരത് പവാറിൻറെ പ്രതിനിധിക്ക് പറയാനുള്ളത് ഒരു കാര്യമേ ഉള്ളൂ. തോറ്റുപോയ കക്ഷിക്ക് വേണ്ടി ജയിച്ച കക്ഷി മാറി കൊടുക്കണം എന്നു പറയുന്നത് ശരിയല്ല. എൻസിപി പതിറ്റാണ്ടുകളായി ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കുന്ന പാർട്ടിയാണ്. ഇന്നലെ വന്നു കേറിയവർക്ക് വേണ്ടി തങ്ങൾ പൊരുതി നേടിയ അഭിമാന സീറ്റ് വിട്ടുകൊടുക്കാൻ എൻസിപി തയ്യാറല്ല. കേരള കോൺഗ്രസിന് നേരത്തെതന്നെ സിപിഎം പാലാ ഉറപ്പു നൽകിയിരുന്നതാണ്. സിപിഎമ്മും ജോസ് കെ മാണിയും സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ല എന്ന് പറയുമ്പോഴും പാലായിൽ ജോസ് കെ മാണി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. അതുകൊണ്ടുതന്നെ എൻസിപിയുടെ ആവശ്യം അംഗീകരിക്കുക എന്നത് സാധ്യമായ കാര്യമല്ല മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം. ദേശീയതലത്തിൽ സിപിഎമ്മിന് വലിയ രീതിയിൽ സഹായസഹകരണങ്ങൾ നൽകുന്ന നേതാവാണ് ശരത് പവാർ. അതുകൊണ്ടുതന്നെ ശരത് പവാർ ഇടയുന്നത് അഖിലേന്ത്യാതലത്തിൽ സിപിഎമ്മിന് വലിയ തിരിച്ചടിയാകും. ഈ പ്രതിസന്ധി മുഖ്യമന്ത്രി എങ്ങനെ തരണം ചെയ്യും എന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

കാപ്പനു മേൽ സമ്മർദ്ദം:

പാലായിൽ ജോസ് കെ മാണിയോടുള്ള എതിർപ്പ് ശക്തമാണ്. കെഎം മാണിയുടെ രാഷ്ട്രീയ ശൈലി അല്ല ജോസ് കെ മാണിക്ക് ഉള്ളത് എന്നതുകൊണ്ടുതന്നെ കേരള കോൺഗ്രസിൻറെ പരമ്പരാഗത വോട്ടു ബാങ്കുകളുടെ പൂർണമായ പിന്തുണയും അദ്ദേഹത്തിന് ഇല്ല. ജോസ് കെ മാണി എല്ലാ സൗഭാഗ്യങ്ങളും സ്വീകരിച്ചിട്ടും യുഡിഎഫിനെയും കോൺഗ്രസിനെയും വഞ്ചിച്ചു എന്ന വികാരം യുഡിഎഫ് കോൺഗ്രസ് അണികൾക്കിടയിലും ശക്തമാണ്. മാണി സി കാപ്പൻ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജനപ്രീതിനേടിയ എംഎൽഎയാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും അദ്ദേഹം എപ്പോഴും സമീപസ്ഥനാണ്. ജോസിന് വേണ്ടി പാലായിൽ മാണി സി കാപ്പൻ മാറിനിൽക്കണം എന്നു പറയുന്നത് രാഷ്ട്രീയ നീതികേടാണ് എന്ന് വിശ്വസിക്കുന്നവർ യുഡിഎഫിലേക്ക് ചുവടുമാറ്റി തിരഞ്ഞെടുപ്പിനെ നേരിടുവാൻ കാപ്പനെ നിർബന്ധിക്കുന്നുണ്ട്. ഈ ജനവികാരം കണ്ടില്ലെന്ന് നടിക്കരുത് എന്ന സമ്മർദമാണ് ഇപ്പോൾ മാണി സി കാപ്പൻ മേൽ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2