ഇടുക്കി: തൊടുപുഴയില്‍ കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവും 10 കുപ്പി ഹാഷിഷ് ഓയിലും എക്സൈസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവിന് ചില്ലറ വിപണിയില്‍ 20 ലക്ഷം രൂപയോളം വിലവരും.
തൊടുപുഴ ബൈപ്പാസില്‍ വാഹന പരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. വാഹന പരിശോധന കണ്ട് കാര്‍ ഓടിച്ചിരുന്ന കരിമണ്ണൂര്‍ സ്വദേശി ഹാരിസ് കടന്നുകളയാന്‍ ശ്രമിച്ചു. ഇതോടെ എക്സൈസ് സംഘം കാറിനെ പിന്തുടര്ന്നു. പിടികൂടുമെന്നായപ്പോള്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഹാരിസിനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. കാറിന്റെ ഡിക്കിയില്‍ ചാക്കിലായിരുന്നു 50 പൊതി കഞ്ചാവ്. ഒരോ പൊതിയിലും ഒരു കിലോ കഞ്ചാവ് വീതമാണ് ഉണ്ടായിരുന്നത്.ഡോറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 10 കുപ്പി ഹാഷിഷ് ഓയില്‍. ഇതിന്റെ വില കണക്കാക്കിയിട്ടില്ല.
ചോദ്യം ചെയ്യുന്നതിനിടെ തൊടുപുഴയിലെ സ്വകാര്യ ബസുടമ മാര്ട്ടിന് എക്സൈസ് സംഘത്തെ മര്‍ദിച്ച് ഹാരിസിനെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇയാളെയും എക്സൈസ് സംഘം ബലപ്രയോഗത്തിലൂടെ പിടികൂടി. മാര്ട്ടിന് നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നാണ് ഹാരിസ് കഞ്ചാവ് കൊണ്ടുവന്നത്. കേരളത്തിലെ ഇവരുടെ ഏജന്റ് ആരാണെന്നും തമിഴ്നാട്ടില്‍ എവിടെ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്ന് എക്സൈസ് അറിയിച്ചു.