ബംഗളൂരു :ബംഗളൂരു മയക്ക് മരുന്ന് കേസിൽ കൂടുതൽ ചലചിത്ര താരങ്ങൾ ഉൾപ്പടെയുള്ളവർക്ക് എതിരെ കുരുക്ക് മുറുകുന്നു. ഇതിന്റെ ഭാഗമായി ചലച്ചിത്ര താരം സഞ്ജന ഗല്‍റാണിയുടെ ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) റെയ്ഡ് നടത്തി.മയക്കുമരുന്ന് കേസിൽ സിസിബി സഞ്ജന ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു.ഇവരോട് ഇന്നലെ ബംഗളൂരു ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ സിസിബി ആവശ്യപ്പെട്ടിരുന്നു.എന്നാൽ സഞ്ജന ഹജരായില്ല. ഇതെ തുടർന്ന് ഇന്ന് രാവിലെ സെർച്ച് വാറണ്ടുമായിട്ടാണ് പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജന, നടി രാഗിണി ദ്വിവേദി എന്നിവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു. രാഹുൽ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. കന്നഡ സിനിമാ ലഹരി മാഫിയയുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് വാർത്തകൾ പ്രചരിക്കുന്നതിനു പിന്നാലെയാണ് താരത്തിന്റെ വസതിയിൽ റെയ്ഡ് നടന്നത്.
സീരിയൽ നടി ഡി.അനിഖ, മലയാളികളായ അനൂപ് മുഹമ്മദ് , റിജേഷ് രവീന്ദ്രൻ എന്നിവരെ 21നു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ്, കന്നഡ സിനിമയും ലഹരിയുമായുള്ള ബന്ധം ബെംഗളൂരു പൊലീസ് അന്വേഷിക്കാനാരംഭിച്ചത്. അഞ്ചുവര്‍ഷമായി ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ നിയാസാണ് കന്നഡ സിനിമാ താരങ്ങൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയത്.എന്നാൽ കേസിൽ മുൻപ് അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പിന്നിട് കൂടുതൽ തെളിവെടുപ്പിനായി രാഗിണിയെ അഞ്ചുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.