രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവര്‍ ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണം വാങ്ങാന്‍ എത്തിയവരെന്ന് വിവരം. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം ഇന്ന് കരിപ്പുരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്ക് ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കി(23)ല്‍ നിന്നാണ് 1.11 കോടി വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. കോഫി മേക്കര്‍ മെഷീന്റെ ഉള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താനായിരുന്നു ശ്രമം. അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അതേസമയം, ഷെഫീക്കില്‍നിന്ന് ഈ സ്വര്‍ണം വാങ്ങാനാണ് പാലക്കാട് ചെര്‍പ്പുളശ്ശരിയില്‍നിന്ന് അഞ്ചംഗ സംഘമെത്തിയതെന്നാണ് കസ്റ്റംസില്‍നിന്ന് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഈ സംഘം കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.45-നായിരുന്നു കോഴിക്കോട് രാമനാട്ടുകരയില്‍വെച്ച്‌ ബൊലേറോയും ലോറിയും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. ബൊലേറോ യാത്രികരായ പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്ബി സ്വദേശികളുമായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാലക്കാടുനിന്നുള്ള സംഘം സ്വര്‍ണം വാങ്ങി മടങ്ങിപ്പോകുമ്ബോള്‍, അവരില്‍നിന്ന് അത് തട്ടിയെടുക്കാന്‍ മറ്റൊരു സംഘം കണ്ണൂര്‍ ജില്ലയില്‍നിന്നും എത്തിയിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റ മുണ്ടാവുകയും അതിന്റെ തുടര്‍ച്ചയാണ് വാഹനാപകടമെന്നുമാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം പാണ്ടിക്കാട് നിന്ന് സിമന്‍റ് കയറ്റി, കോഴിക്കോട് നാദാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് കാറില്‍ വന്നിടിച്ചത്. ആദ്യമണിക്കൂറുകളില്‍ ഇതൊരു സാധാരണ അപകടമാണെന്നാണ് കരുതിയത്.