പത്തനംതിട്ട ജില്ലയിലെ തിരുവല്ല തിരുമൂലപുരം വെളുത്ത കാലായിൽ വീട്ടിൽ സെമീനാ ഫിലിപ്പ് എന്ന സർക്കാർ ലാബ് ടെക്നിഷ്യൻ ഇപ്പോൾ കുടുംബ വീട്ടിൽ അമ്മയുമൊത്ത് കഴിയുന്നത് ഏതു നിമിഷവും ആക്രമിക്കപ്പെടും എന്ന ഭയത്തോടെയാണ്. തൻറെ ഭർത്താവിൽ നിന്നുള്ള നിരന്തരമായ ദേഹോപദ്രവം മൂലം ഇവർ വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.തൻറെ കുഞ്ഞുങ്ങളും സഹോദരിയും, സഹോദരിയുടെ മകനും ഉൾപ്പെടെ സെമീന താമസിച്ചുവന്ന ഫ്ലാറ്റിൽ എത്തിയ ഇവരുടെ ഭർത്താവ് സെമീനയെയും സഹോദരിയെയും ക്രൂരമർദനത്തിന് ഇരയായാക്കിയിരുന്നു. ഇതിനെതിരെ ഇവർ പരാതിപ്പെടുകയും പോലീസ് ഉദ്യോഗസ്ഥൻ കർശന നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാൽ ഈ സ്ത്രീകൾ താമസിച്ചിരുന്ന ഫ്ലാറ്റിൻറെ ഉടമയെ സെമീനയുടെ ഭർത്താവ് ഭീഷണിപ്പെടുത്തിയത് മൂലം ആ താമസസ്ഥലം ഒഴിഞ്ഞു കൊടുക്കുവാൻ യുവതിയും കുഞ്ഞുങ്ങളും നിർബന്ധിതരായി.

തുടർന്ന് ഇവർ കുടുംബ വീട്ടിലേക്ക് താമസം മാറുകയാണുണ്ടായത്. വിവാഹമോചനത്തിനു പിന്നാലെ പോലീസ് കേസ് കൂടി കൊടുത്തതിൽ ഉള്ള വൈരാഗ്യം മൂലം ഇയാൾ സെമീനയുടെ കുടുംബ വീട്ടിലെത്തി കിടപ്പുമുറിയുടെ ജനാല പുറത്തുനിന്ന് തകർത്തു പെട്രോൾ ഒഴിച്ച് തീ കൊളുത്തുവാൻ ശ്രമിച്ചു.സെമീനയെ പെട്രോളൊഴിച്ച് കൊല്ലുവാൻ ഭർത്താവ് ശ്രമിക്കുമെന്ന് അദ്ദേഹത്തിൻറെ സുഹൃത്തു തന്നെ സെമീനയുടെ കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി ഇവർ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും തണുത്ത പ്രതികരണമാണ് ആദ്യം ലഭിച്ചത്. ആർക്കും അപകടം ഉണ്ടായില്ലല്ലോ ചെറിയൊരു കുടുംബ പ്രശ്നമല്ലേ എന്ന രീതിയിലാണ് പോലീസ് ആദ്യ നിലപാടെടുത്തത്. പിന്നീട് സ്ഥലം എംഎൽഎ മാത്യു ടി തോമസ് നടത്തിയ ഇടപെടലാണ് കേസെടുക്കുവാൻ പോലീസിനെ നിർബന്ധിതരാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നിലവിൽ തിരുവല്ല പോലീസ് ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട് എങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉണ്ടായിട്ടില്ല. തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഇയാൾ ലഹരിക്ക് അടിമയാണെന്നും ആരോപണം ഉയരുന്നുണ്ട്. ഉന്നതമായ ചില രാഷ്ട്രീയ ഇടപെടലുകളാണ് ഇയാളെ സംരക്ഷിക്കുന്നത് എന്നും ഇപ്പോൾ സംശയം ഉയരുന്നു. കേവലം ഭീഷണി മാത്രമല്ല ഭർത്താവിൽനിന്ന് ഉണ്ടാകുന്നതെന്ന് വളരെ വ്യക്തമാണ്. സെമീനയുടെ സഹോദരൻ ബംഗളൂരുവിൽ ആണുള്ളത്. ഇവരുടെ ഭർത്താവ് ബംഗളൂരുവിൽ എത്തി ചുറ്റികകൊണ്ട് അടിച്ച് ഭാര്യാ സഹോദരനെ പരിക്കേൽപ്പിച്ച സംഭവം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.തൻറെ വൃദ്ധയായ മാതാവിനോടും സഹോദരിയോടുമൊപ്പം വീട്ടിൽ കഴിയുന്ന ഈ യുവതി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, വനിതാ സ്റ്റേഷൻ, തിരുവല്ല പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതിപ്പെട്ടിട്ടുണ്ട്. ഗൗരവതരമായ ഇടപെടൽ പോലീസിന് ഭാഗത്തുനിന്നുണ്ടായില്ല എങ്കിൽ ഏതുനിമിഷവും തങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭയപ്പാടോടെ കൂടി കഴിയുകയാണ് ഈ കുടുംബം.

സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ അടിയന്തര നടപടിയെടുക്കുമെന്ന് സർക്കാർ സംവിധാനങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും പലപ്പോഴും സമയോചിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നതിന് തെളിവാണ് ഈ സംഭവവും. വെറും ഒരു ഭീഷണിയായി മാത്രം കൊണ്ട് തള്ളിക്കളയാവുന്ന ഒന്നല്ല ഇയാളുടെ ക്രൂരകൃത്യങ്ങൾ എന്നതിന് നിരവധി അനവധി തെളിവുകൾ ഉണ്ടായിട്ടും കർക്കശമായ ഒരു നടപടി ഇതുവരെ വിഷയത്തിൽ ഉണ്ടായിട്ടില്ല എന്നത് നിർഭാഗ്യകരമാണ്. ഗാർഹിക പീഡനവും, സ്ത്രീധന പീഡനവും മൂലം ഞെട്ടിക്കുന്ന രീതിയിലുള്ള ആത്മഹത്യകളും മരണങ്ങളും ആണ് കേരളത്തിൽ ഈ കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായിട്ടുള്ളത്. ഇനിയൊരു ജീവൻ പൊലിയാതെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം അധികാരസ്ഥാനങ്ങളിൽ നിന്നുണ്ടായില്ല എങ്കിൽ ഇത്തരം കുടുംബങ്ങളിൽ നിന്ന് ഇനിയും വിലാപങ്ങൾ ഉയർന്നു കൊണ്ടേയിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക