മൂന്നാർ: ഹോട്ടൽമുറികളിൽ പെൺകുട്ടികളെ എത്തിച്ച് നൽകുമെന്ന് അറിയിച്ചുകൊണ്ട് വെബ്സൈറ്റിൽ പരസ്യം നൽകി തട്ടിപ്പ്. മൂന്നാർ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള നിരവധി പേരുടെ പണം നഷ്ടപ്പെട്ടു. നാണക്കേടോർത്ത് ആരും പരാതി നൽകാത്തതിനാൽ അന്വേഷണം നടക്കുന്നില്ല.
ലോക്കാന്റോ എന്ന പേരിലുള്ള സൈറ്റ് വഴിയാണ് തട്ടിപ്പ്. വിവിധ പ്രായത്തിലുള്ള പെൺകുട്ടികളുടെ ഫോൺ നമ്പരും വിവരങ്ങളും സൈറ്റിൽ നൽകിയിട്ടുണ്ട്. ഈ നമ്പരുകളിൽ വിളിച്ചാൽ പുരുഷന്മാരാണ് കോളെടുക്കുന്നത്. യുവതികളേക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ച ശേഷം പണം നൽകാൻ ആവശ്യപ്പെടും. മണിക്കൂറിന് മൂവായിരവും ഒരു രാത്രിക്ക് 8000 മുതൽ 10,000 രൂപയുമൊക്കെയാണ് നൽകേണ്ടത്. ഗൂഗിൾ പേ, ഫോൺ പേ നമ്പരുകളും അയച്ചുനൽകും. പണം കിട്ടിയാൽ യുവാക്കൾ പറയുന്ന തീയതിയിൽ പെൺകുട്ടികളെ എത്തിച്ച് നൽകുമെന്ന് അറിയിക്കും. മുറിയെടുക്കേണ്ട ഹോട്ടലുകളുടെ വിവരങ്ങളും തരും. ഇവിടെ പോയി മുറിയെടുത്ത് മണിക്കൂറുകൾ കാത്തിരുന്നാലും ആരും എത്തില്ല.മുൻപ് ബന്ധപ്പെട്ട നമ്പരിൽ വിളിക്കാൻ ശ്രമിച്ചാൽ ഫോൺ സ്വിച്ചോഫ് ആയിരിക്കും. മണിക്കൂറുകളോളം കാത്തുകിടക്കുന്ന യുവാക്കൾ തട്ടിപ്പ് മനസ്സിലാകുന്നതോടെ മടങ്ങും.അവധി ദിവസങ്ങളിൽ രാത്രി സമയങ്ങളിൽ പ്രമുഖ ഹോട്ടലുകളുടെ മുൻപിൽ വാഹനങ്ങളിലെത്തുന്ന യുവാക്കൾ കാത്തുകിടക്കുന്നത് പതിവായി. ഇതേ തുടർന്ന് ഹോട്ടലധികൃതർ കാര്യമന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച് വിവരമറിയുന്നത്. എന്നാൽ, മാനഹാനി ഭയന്ന് പരാതി നൽകാൻ മുതിരാതെ ഇവർ മടങ്ങുകയാണ് പതിവ്. പരാതികൾ നൽകാൻ ആരും തയ്യാറാകാത്തതിനാൽ തട്ടിപ്പ് തുടർന്നുവരുകയാണ്. മൂന്നാറുകാരായ ചിലർക്കും തട്ടിപ്പിൽ പങ്കുള്ളതായി സംശയമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക