മാണി സി കാപ്പന് യുഡിഎഫിലേക്ക് സ്വാഗതമോതി മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിലേക്ക് വന്നാൽ അദ്ദേഹത്തെ തുറന്ന മനസ്സോടുകൂടി സ്വീകരിക്കുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. അദ്ദേഹം കോൺഗ്രസിലേക്ക് വന്നാൽ കൂടുതൽ നല്ലതെന്നും വ്യക്തമാക്കിയ മുല്ലപ്പള്ളി തീരുമാനം മാണി സി കാപ്പൻറെത് ആണ് എന്നും പറഞ്ഞു.

ജോസ് കെ മാണിക്കുവേണ്ടി മാണി സി കാപ്പന് പാലായിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കാനാണ് എൽഡിഎഫ് തീരുമാനം. തീരുമാനം വൈകിപ്പിച്ച് എൻസിപി സ്വയം മുന്നണിക്ക് പുറത്തുപോകുന്ന സാഹചര്യമാണ് സിപിഎം നേതൃത്വം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പ്രഫുൽ പട്ടേലും ആയുള്ള ചർച്ചയും ഇടതു നേതൃത്വം നീട്ടിക്കൊണ്ടുപോകുന്നത്.

ഇതിലുള്ള പ്രതിഷേധം കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നോടുള്ള നീതിനിഷേധം ചൂണ്ടിക്കാണിച്ച് മാണി സി കാപ്പൻ ദിവസങ്ങൾക്കുള്ളിൽത്തന്നെ യുഡിഎഫ് പക്ഷത്ത് എത്താനുള്ള സാധ്യതകൾ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പതിനാലാം തീയതിയാണ് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നത്. ഇതിന് മുമ്പായി കാപ്പൻറെ യുഡിഎഫ് പ്രവേശം ഉണ്ടാകും എന്നാണ് സൂചനകൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2