ആലപ്പുഴ: മോഷണം പോയ മൊബൈല്‍ ഫോണ്‍ തിരികെ ജെറോമിന്റെയും ജോയലിന്റെയും കൈയിലെത്തി. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി എംഎല്‍എ നല്‍കിയ മൊബൈല്‍ ഫോണ്‍ ശനിയാഴ്ചയാണ് നഷ്ടപ്പെട്ടത്. പൊലീസ് പുറത്തുവിട്ട മോഷ്ടാവിന്റെ ദൃശ്യം കണ്ട് ഫോണ്‍ കവര്‍ന്നതു തന്റെ മകനാണെന്നു മനസ്സിലാക്കിയ പള്ളിപ്പാട് സ്വദേശിനിയാണ് മൊബൈല്‍ തിരികെയെത്തിച്ചത്.
‌പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനുമൊത്തു മാവേലിക്കര സ്റ്റേഷനിലെത്തുകയായിരുന്നു ആ അമ്മ. വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത പൊലീസ് അമ്മയ്ക്കൊപ്പം വിട്ടു.

മാവേലിക്കര ജില്ലാ ആശുപത്രി ജങ്ഷന് സമീപം ചായക്കട നടത്തുന്ന കൊച്ചുവീട്ടില്‍ വര്‍ഗ്ഗീസിന് മക്കളുടെ പഠനത്തിനായി എംഎല്‍എ എം എസ് അരുണ്‍കുമാര്‍ നല്‍കിയ ഫോണാണ് നഷ്ടപ്പെട്ടത്. ഒന്‍പതാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളാണ് വര്‍ഗ്ഗീസിന്. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ഇയാള്‍ മക്കളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിഷമിച്ചിരിക്കെയാണ് എംഎല്‍എ മൊബൈല്‍ ഫോണ്‍ നല്‍കിയത്. കടയോട് ചേര്‍ന്നു തന്നെയാണ് വര്‍ഗ്ഗീസിന്റെ വീടുമുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ഫോണ്‍ കവര്‍ന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥി പരിച്ചയക്കാരന്റെ ബൈക്കില്‍ എത്തിയാണ് മോഷണം നടത്തിയത്. ബൈക്കിന്റെ ഉടമയെ റോഡരികില്‍ ഇറക്കി ഉടന്‍ വരാമെന്നു പറഞ്ഞ് പോയാണ് ഫോണ്‍ കൈക്കലാക്കിയത്. പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളില്‍നിന്നു പണം മോഷ്ടിച്ചതിനു മുന്‍പും ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിട്ടുണ്ട്. കൗണ്‍സലിങ്ങിനു വിധേയനാകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.