തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെ സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം രണ്ടാംഘട്ട അണ്‍ലോക്ക് ഇളവുകള്‍ തീരുമാനിക്കുമെന്നാണ് കരുതുന്നത്. ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയ ശേഷം മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയ ശേഷമാകും തീരുമാനമെടുക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പത്തില്‍ താഴെയായത് ആശ്വാസം പകരുന്നുണ്ട്. ഇത് ഇന്നും തുടരുകയാണെങ്കില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നതിനു പുറമെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി, ബാറുകളിലെ മദ്യ വിതരണം തുടങ്ങിയ ഇളവുകള്‍ക്കും സാധ്യതയുണ്ട്. കൂടുതല്‍ സമയം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുക, ജിംനേഷ്യങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി എന്നിവയും പരിഗണിക്കാന്‍ സാധ്യതയുണ്ട്. വാരാന്ത്യ ലോക്ക് ഡൗണ്‍ തുടരാനാണ് സാധ്യതയെങ്കിലും സ്വകാര്യ ബസുകളുടെ നിലവിലെ നിയന്ത്രണങ്ങള്‍ മാറ്റിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും ആശാവഹമായ കുറവാണ് രേഖപ്പെടുത്തുന്നത്. ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയെത്തുന്നത്. തിങ്കളാഴ്ചത്തെ ടിപിആര്‍ 9.63 ആയിരുന്നു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 99,693. മരണ സംഖ്യ കുറയുന്നതും ആശ്വാസമാണ്. നിലവില്‍ ടിപിആര്‍ 30ന് മുകളിലുള്ള 16 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക